ചാത്തന്നൂർ: പിതാവിന്റെ മുന്നിലിട്ട് യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വരിഞ്ഞം മരുതിക്കോട് കോളനി ചരുവിള പുത്തൻവീട്ടിൽ ശ്യാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുതിക്കോട് ചരുവിള പുത്തൻവീട്ടിൽ ബൈജു (24), അനിതഭവനിൽ അജിത് (24), വിളയിൽ വീട്ടിൽ രഞ്ജു (24), ചരുവിള പുത്തൻവീട്ടിൽ വിജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേസിലെ പ്രതികളായ കൊട്ടാരക്കര സ്വദേശികളായ രണ്ട് പേരും ഓയൂർ ചെങ്കുളം സ്വദേശിയായ ഒരാളും ഒളിവിലാണ്. ഇവർക്കുവേണ്ടി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴരയോടെ മദ്യപിക്കുന്നതിനായി പൊതുകിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികളും ശ്യാമിന്റെ പിതാവ് ശശിയുമായി വീട്ടിന് സമീപം വാക്ക് തർക്കം ഉണ്ടായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ശ്യാമിനെ പിതാവിന്റെ മുന്നിലിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒളിവിലുള്ള പ്രതികൾ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് സംശയിക്കുന്നു. ഇവർ മരുതിക്കോട് കോളനിയിൽ കഴിഞ്ഞ ഒരാഴ്ചയായി പിടിയിലായ പ്രതികൾക്കൊപ്പം താമസിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
കോളനിയിൽ ഇരുസമുദായക്കാർ തമ്മിൽ രണ്ടാഴ്ചയായി സംഘർഷം നിലനിൽക്കുകയും ഇതുമായി ബന്ധപ്പെട്ട് ചാത്തന്നൂർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഓയൂരിലെ വെൽഡിംഗ് വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന ശ്യാമിന് കോളനിയിലെ സംഘർഷവുമായി ബന്ധമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ചാത്തന്നൂർ എസ്.എച്ച്.ഒ എ. സരിൻ പറഞ്ഞു.