honey-trap

ന്യൂഡൽഹി: സൈന്യത്തിന്റെ നിർണായക വിവരങ്ങൾ പാക് ചാര ഏജൻസിയായ ഐ.എസ്.ഐയുടെ പ്രതിനിധിയായ യുവതി ചോർത്തിയത് അശ്ലീല ചിത്രങ്ങൾ നൽകിയാണെന്ന് റിപ്പോർട്ട്. സന്ദേശങ്ങളിലൂടെ മനം കവർന്ന പാക് ഏജന്റ് പിന്നീട് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കൈമാറി സൈനിക രഹസ്യങ്ങൾ ചോർത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജയ്‌സാൽമറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികൻ സോംവീർ സിംഗിനെ രാജസ്ഥാൻ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ മെഡിക്കൽ കോർപ്‌സിലെ ക്യാപ്ടൻ എന്നാണ് അനിക തന്നെ സ്വയം പരിചയപ്പെടുത്തിയത്. ഏഴു മാസം മുൻപാണ് അനിക ചോപ്ര സോംവീറിനെ സമൂഹമാദ്ധ്യമത്തിൽ സുഹൃത്താക്കിയത്. ഇന്ത്യൻ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക നിർമ്മാണ യൂണിറ്റുകളുടെയും ചിത്രങ്ങൾ ഉൾപ്പെടെ സോംവീർ അനികയ്ക്ക് കൈമാറിയിട്ടുണ്ട്. അർജുൻ ടാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചതായി മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തി. 50 ജവാന്മാരുമായെങ്കിലും അനിക ചോപ്ര ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അനിക ചോപ്ര എന്ന പേരിലുള്ള ഐ.ഡി വ്യാജമാണെന്നും പാകിസ്ഥാനിലെ കറാച്ചിയാണ് ഇതിന്റെ ഉറവിടമെന്നുമാണ് പൊലീസ് സംശയിക്കുന്നു.