കോഴിക്കോട്: തീവ്രനിലപാടുള്ളവർ ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെതുടർന്ന് 'ആർപ്പോ ആർത്തവം' പരിപാടിയിൽ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി തീവ്രനിലപാടുള്ളവരെ ശബരിമലയിൽ കൊണ്ടുപോയതിന് മാപ്പുപറയണമെന്ന് കെ.മുരളീധരൻ എം.എൽ.എ.
തീവ്ര നിലപാടുള്ളവർ പരിപാടിയിൽ ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ആ പരിപാടിയിൽ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഉണ്ടായിരുന്നു. അതേ തീവ്രസ്വഭാവം ഉള്ളവരെയാണ് ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയിൽ
വച്ചതും.
കെ. മുരളീധരന് കോൺഗ്രസ് പാർട്ടിയിലുള്ള സ്ഥാനം അറിയാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ പത്രം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പല തവണ വാക്ക് മാറ്റിയതിന് ഒളിംപിക്സ് അവാർഡ് ഉണ്ടെങ്കിൽ സ്വർണം പത്മകുമാറിനും വെള്ളി കടകംപള്ളി സുരേന്ദ്രനും ലഭിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.
ഒന്നുകിൽ പദ്മകുമാർ പാർട്ടി തീരുമാനം പറയണം. അല്ലെങ്കിൽ സ്വന്തം നിലപാട് പറയണം. പാർട്ടിയേയും വിശ്വാസികളെയും വഞ്ചിച്ച ഇങ്ങനെ ഉള്ളവർക്ക് കയറി കിടക്കാൻ ഉള്ള ഇടം അല്ല യു.ഡി.എഫ്. മകരവിളക്ക് കഴിഞ്ഞു പാർട്ടി തന്നെ പദ്മകുമാറിന്റെ രാജി ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.