federal-bank-

മുംബയ്: ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്നലെ ദേശീയ ഓഹരി വിപണിയിൽ (എൻ.എസ്.ഇ) എഴ് ശതമാനം വരെ നഷ്‌ടത്തിലേക്ക് ആടിയുലഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗണേഷ് ശങ്കരൻ രാജിവച്ച വാർത്തയാണ് നിക്ഷേപകരെ സ്വാധീനിച്ചത്. ഗണേഷ് ശങ്കരന്റെ രാജി ഇന്ന് പ്രാബല്യത്തിൽ വരുമെന്നും ധനകാര്യ സേവന മേഖലയിൽ മറ്റ് അവസരങ്ങൾ ലഭിച്ച പസ്‌ചാത്തലത്തിലാണ് രാജിയെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിലും മികച്ച പ്രവർത്തനഫലം ഫെഡറൽ ബാങ്ക് പുറത്തുവിടുമെന്നാണ് നിരീക്ഷകർ നൽകുന്ന സൂചന. പ്രവർത്തനഫലത്തിന് അംഗീകാരം നൽകാൻ ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് യോഗം 17ന് ചേരുന്നുണ്ട്. കിട്ടാക്കടം തരണം ചെയ്യാനുള്ള പ്രൊവിഷനിംഗിൽ കുറവുണ്ടാകുമെന്നും പ്രവർത്തന ലാഭത്തിലും ഉണർവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.