ആലപ്പാട് സമരസമിതിക്കെതിരെയുള്ള പ്രസ്താവനയിൽ കടലില്ലാത്ത മലപ്പുറത്ത് നിന്ന് ആളുകൾ സമരത്തിനെത്തുന്നു എന്ന മന്ത്രി ഇ.പി ജയരാജന്റെ വിചിത്ര വാദം സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു. നിരവധി ട്രോളുകളാണ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സമരം നടത്തുന്നത് എന്തിനാണെന്ന് ആർക്കുമറിയില്ല. ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ ഭിന്നതയില്ല. കടൽ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകൾ സമരത്തിനെത്തുന്നത്. എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്നാൽ ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏകദേശം 70 കിലോമീറ്റർ തീരദേശമുള്ള ജില്ലയാണ് മലപ്പുറം. അതിൽ പൊന്നാനി, കോട്ടായി, പരപ്പനങ്ങാടി താനൂർ എന്നിവിടങ്ങളിൽ ഫിഷിങ് ഹാർബറുകളും ഉണ്ട്. മന്ത്രിയുടെ വസ്തുതയ്ക്ക് നിരക്കാത്ത ഈ വാദത്തെ ട്രോളുകയാണ് സോഷ്യൽ മീഡിയ.
പറയുമ്പോൾ മലപ്പുറം വലിയ ടൗണൊക്കെ തന്നെയാ പക്ഷെ കടലില്ലാലോ, ഇല്ല സഖാവെ മലപ്പുറത്ത് കടലില്ല, തോടാണുള്ളത് തുടങ്ങിയ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയിൽ വരുന്നത്. പണ്ട് ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ സ്വന്തം അഭിമാന താരമാണെന്ന് പറഞ്ഞതും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.