ന്യൂഡൽഹി: കഴിഞ്ഞയാഴ്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ യു.എ.ഇ സന്ദർശനത്തിൽ പ്രവാസികളുടെ വൻപങ്കാളിത്തമാണുണ്ടായിരുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം ഗൾഫ് മേഖലയിലും വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടെയാണ് ദുബായിലെത്തിയ രാഹുൽ ചെലവേറിയ പ്രഭാത ഭക്ഷണം കഴിച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒന്നരലക്ഷം രൂപ വിലവരുന്ന പ്രഭാത ഭക്ഷണം കഴിച്ചെന്നായിരുന്നു പ്രചാരണം. ഭക്ഷണത്തിൽ ബീഫും ഉണ്ടായിരുന്നതായി പ്രചരിപ്പിച്ചിരുന്നു.
ജെംസ് എജ്യൂക്കേഷൻ ഉടമ സണ്ണി വർക്കി, എം.എ യൂസഫലി, കോൺഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ എന്നിവരൊടൊപ്പമായിരുന്നു രാഹുൽ ഗാന്ധി ഭക്ഷണം കഴിച്ചത്. ‘ഹിൽട്ടൺ ഹോട്ടലിൽ 1500 പൗണ്ട് (ഏകദേശം 1,36,000 രൂപ) വില വരുന്ന പ്രഭാത ഭക്ഷണം രാഹുൽ ഗാന്ധി കഴിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. ചെറുതായി മുറിച്ച് വെച്ചിരിക്കുന്ന മാംസം ബീഫാണെന്നും പ്രചരണം നടന്നു. ‘ഹിൽട്ടനിൽ വച്ച് ഒരാൾക്ക് 1500 പൗണ്ടിന്റെ പ്രഭാതഭക്ഷണം കഴിച്ച് രാഹുൽ ഗാന്ധി പട്ടിണിയെ കുറിച്ച് ചർച്ച ചെയ്തു,’ എന്നായിരുന്നു പോസ്റ്റുകളിലെ പരിഹാസം.
ട്വിറ്ററിലൂടെയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് പിന്നീട് ഫേസ്ബുക്കിലും വാട്സ്ആപിലും പ്രചരിച്ചു നിരവധി പേർ ചിത്രം ഇതേ അടിക്കുറിപ്പോടെ ഷെയർ ചെയ്തിരുന്നു. റിഷി ബാഗ്രി എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു ആദ്യത്തെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരൊക്കെ ഫോളോ ചെയ്യുന്നയാളാണ് ഇദ്ദേഹം. നേരത്തേയും പല വ്യാജ പ്രചരണങ്ങളും ഈ അക്കൗണ്ടിൽ നിന്ന് പുറത്തുവന്നിരുന്നു.
Rahul Gandhi met Sam Pitroda led delegation today in the Hilton Banquet hall where they had £1500 Breakfast per head & discussed the Poverty pic.twitter.com/FGSHcbezcN
— Rishi Bagree 🇮🇳 (@rishibagree) January 11, 2019
എന്നാൽ തൊട്ടുപിന്നാലെ വാർത്തയിലെ സത്യാവസ്ഥ പുറത്തുവന്നു. ദുബായ് കറൻസി ദിർഹം ആയിരിക്കെ 1500 ‘പൗണ്ട്’ ആണ് ഭക്ഷണത്തിനെന്നാണ് പ്രചരിപ്പിച്ചത് . ജെംസ് എജ്യൂക്കേഷൻ ഉടമ സണ്ണി വർക്കിയുടെ വസതിയിൽ നടന്ന വിരുന്നാണ് ഒരു ഹോട്ടലിൽ വെച്ചാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. സണ്ണി വർക്കിയുടെ വീട്ടിൽ വെച്ചാണ് വിരുന്ന് നടന്നതെന്ന് എം.എ. യൂസഫ് അലിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. ‘പ്രഭാതഭക്ഷണം കഴിച്ചത് ഹോട്ടലിൽ വെച്ചല്ല. വർക്കിയുടെ വീട്ടിൽ വെച്ചാണ്, ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ മാനേജർ വി. നന്ദകുമാർ പറഞ്ഞു.
കോണ്‍ഗ്രസ് വക്താവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 11നാണ് ഇവിടെ വെച്ച് രാഹുൽ ഗാന്ധിക്ക് വിരുന്ന് നൽകിയത്. രാഹുൽ ഗാന്ധി ബീഫ് ആയിരുന്നു കഴിച്ചത് എന്നായിരുന്നു മറ്റൊരു പ്രചരണം. എന്നാൽ ടർക്കി കോഴിയുടെ മാംസമാണ് രാഹുലിന്റെ മുമ്പിലുളളതെന്നാണ് കോൺഗ്രസ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.