lenin-rajendran

നവസിനിമ പ്രസ്ഥാനം ഇന്ത്യയിലും കേരളത്തിലും സൃഷ്ടിച്ച തരംഗത്തിന്റെ പിന്തുട‌ർച്ചക്കാരനായിട്ടാണ് ലെനിൻരാജേന്ദ്രൻ എന്ന സംവിധായകൻ മലയാള സിനിമയിൽ ഉദയം ചെയ്തത്. എന്നാൽ ആ ധാരയുടെ ഭാഗമായെങ്കിലും ആരുടേയും നിഴലായി ലെനിൻ മാറിയില്ല,സിനിമയിൽ സ്വന്തം കൈയ്യൊപ്പ് ചാർത്തി മൗലികമായ ചലച്ചിത്ര രചനകൾ അദ്ദേഹം സമ്മാനിച്ചു.ഓരോന്നും വ്യത്യസ്ഥമായ സൃഷ്ടികൾ.ഒരിക്കലും വാണിജ്യസിനിമയുടെ ഭാഗമായിരുന്നില്ല ലെനിൻ.എന്നാൽ ഉച്ചപ്പടങ്ങളായി മാറിയ ആർട്ട് സിനിമക്കാരുടെ ഗണത്തിൽ ലെനിനുണ്ടായിരുന്നില്ല.കലാപരമായി മികവ് പുലർത്തിയ അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.മലയാള സിനിമയുടെ സുവർണകാലമായി വിശേഷിപ്പിക്കപ്പെടുന്ന1980 കളിലാണ് ലെനിൻ തന്റെ ആദ്യസൃഷ്ടിയായ വേനൽ മലയാള പ്രേക്ഷകർക്കു മുന്നിൽ സമർപ്പിച്ചത്.വൻവിജയമായി മാറിയ ആ ചിത്രം ലെനിന്റെ പ്രതിഭ പ്രകടമാക്കുന്നതായിരുന്നു.പ്രഗത്ഭർക്കാപ്പം മലയാള സിനിമയുടെ പൂമുഖത്ത് തന്റേതായ ഇരിപ്പിടം ലെനിൻ സ്വന്തമാക്കുകയായിരുന്നു.

ഏറ്റവും തിരക്കും ഡിമാൻഡും ഉണ്ടായിട്ടും സ്വതസിദ്ധമായ തന്റെ ജീവിതശൈലിയിൽ നിന്ന് വ്യതിചലിക്കാൻലെനിൻ ഒരിക്കലും തയ്യാറായിരുന്നില്ല.തന്റെ സിനിമകൾ സൂപ്പർഹിറ്റുകളായപ്പോൾ അവസരങ്ങളുടെ പെരുമഴ പെയ്തെങ്കിലും ആ മഴയിൽ മുങ്ങിക്കുളിക്കാൻ ലെനിൻ തയ്യാറായിരുന്നില്ല.തനിക്കിഷ്ടപ്പെട്ട സിനിമകൾ മാത്രം അദ്ദേഹം ചെയ്തു.പൊതു സമൂഹത്തിന് നൽകാൻ അവയിലൊക്കെ ഓരോ പാഠങ്ങളുണ്ടായിരുന്നു.ചരിത്രമുണ്ടായിരുന്നു.പ്രണയത്തിന്റെ തീവ്രമായ അനുഭൂതികളുണ്ടായിരുന്നു.ധീരമായ പോരാട്ടങ്ങളുടെ കഥകൾ ഉണ്ടായിരുന്നു.കേരളത്തനിമയിൽ നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് ലെനിൻ ഒരുക്കിയത്.വിദേശചിത്രങ്ങളുടെ അനുകരണമോ സ്വാധീനമോ ആ സിനിമകളിൽ ഒരിക്കലും കടന്നുവന്നില്ല.ഒന്നിലധികം തവണ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലെനിനെ തേടിയെത്തി.ദേശീയ അവാർഡുകളുടെ പരിഗണനാപ്പട്ടികയിൽ പലവട്ടം വന്നു.പക്ഷേ തനിക്കുകിട്ടിയ അവാർഡുകളെക്കുറിച്ചോ കിട്ടാതെപോയ അംഗീകാരങ്ങളെക്കുറിച്ചോ ലെനിൻ ഒരിക്കലും ഒന്നും പറഞ്ഞില്ല..കിട്ടിയത് സ്വീകരിച്ചു.കിട്ടാതെ പോയതിനെക്കുറിച്ച് മൗനം പാലിച്ചു.താരങ്ങളുടെ പുറകെ പോയില്ല.എന്നാൽ ഇന്ത്യയിലെ മികച്ച അഭിനേതാക്കൾ പലരും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ചു.സംഗീതാസ്വാദകനായ ലെനിന്റെ ചിത്രങ്ങളിൽ നിന്ന് മികച്ച ഗാനങ്ങളും മലയാള സിനിമയ്ക്ക് ലഭിച്ചു.

ജാതിയുടെ പേരിൽ പല അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്,പക്ഷേ ഒരിക്കലും അതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ലെനിൻ തയ്യാറായിരുന്നില്ല.അത് തന്നേ ബാധിക്കുന്ന വിഷയമല്ലെന്നും അതിന്റെപേരിൽ തന്നെ ഒതുക്കാൻ ശ്രമിച്ചവരേക്കാൾ പ്രതിഭ തന്റെ കൈവശമുണ്ടെന്നും ലെനിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു..ചിരിയോടെ അതെല്ലാം പരിഹസിച്ച് തള്ളാനുള്ള ആർജ്ജവം ലെനിനുണ്ടായിരുന്നു.കേരളകൗമുദി ഓണപ്പതിപ്പിനുവേണ്ടി അഭിമുഖം നടത്തിയപ്പോഴാണ് ലെനിനെ അവസാനമായി കണ്ടത്.രോഗം ഭേദമായശേഷം ചെയ്യാനുള്ള പല കാര്യങ്ങളെക്കുറിച്ചും അന്ന് സംസാരിച്ചു.ആ അഭിമുഖം അച്ചടിച്ചു വന്നപ്പോൾ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.സൗഹൃദങ്ങളുടെ ഒരുപാട് ഓർമ്മകൾ ബാക്കിയാക്കിയാണ് ലെനിൻ യാത്രയാകുന്നത്.ഗുഡ്ബൈ ലെനിൽ.