ലക്നൗ: യു.പിയിൽ ബദ്ധശത്രുക്കളായിരുന്ന ബി. എസ്. പിയും എസ്.പിയും ചേർന്ന് രൂപീകരിച്ച മഹാസഖ്യത്തിലേക്ക് ബീഹാറിൽ ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന ആർ.ജെ.ഡിയും ചേർന്നേക്കും. ലാലുവിന്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വീ യാദവ് ഞായറാഴ്ച ലക്നൗവിൽ എത്തി ബി.എസ്. പി നേതാവ് മായാവതിയെ സന്ദർശിച്ചിരുന്നു. ഇന്നലെ എസ്. പി. നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും സന്ദർശിച്ചു. ഇവരുടെ സഖ്യത്തെ സ്വാഗതം ചെയ്ത തേജസ്വി ബീഹാറിലെ നാല്പതു ലോക് സഭാ മണ്ഡലങ്ങളിലും യു.പിയിലെ എൺപതു മണ്ഡലങ്ങളിലും നിർണ്ണായക ശക്തിയായി ബി.ജെ.പിയെ തറപറ്റിക്കുമെന്ന് സൂചിപ്പിച്ചു. ജാർഖണ്ഡിലെ പതിനാലു സീറ്റുകൂടിയായാൽ 134 മണ്ഡലങ്ങളിൽ നിന്ന് ബി.ജെ.പിയെ അകറ്റാനാവുമെന്നും തേജസ്വി പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ പ്രമുഖ പാർട്ടികൾ കൂട്ടായി നിൽക്കുന്നതോടെ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ബി.ജെ.പി മുക്ത സഖ്യനീക്കം ദുർബലമാവും. അല്ലെങ്കിൽ ഈ സഖ്യത്തിലേക്ക് നായിഡു വരണം. യു.പിയിൽ നിന്നാവും അടുത്ത പ്രധാനമന്ത്രിയെന്ന് തേജസ്വി പറയുകയും ചെയ്തു. അതേസമയം, ലാലുവിനെതിരെയുള്ള കേസുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മായാവതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.