kumar

ബംഗളൂരു: മന്ത്രിസഭാ പുനഃസംഘടനയിൽ അർഹമായ സ്ഥാനം കിട്ടാഞ്ഞതിനെ തുടർന്ന്,​ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ഇടഞ്ഞുനിൽക്കുകയാണ് കോൺഗ്രസ്. ഭരണത്തിൽ കോൺഗ്രസിന്റെ അമിത ഇടപെടൽ മൂലം ഒരു ഗുമസ്തനെപ്പോലെയാണ് താനെന്ന് കുമാരസ്വാമി അടുത്തിടെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഈ അവസരം മുതലെടുത്ത് കോൺഗ്രസ് എം.എൽ.എമാരെയും ജെ.ഡി.എസിലെ അസംതൃപ്തരെയും വിലയ്ക്കു വാങ്ങാൻ ബി.ജെ.പി ഓപ്പറേഷൻ നടത്തുന്നതായി രാഷ്ട്രീയവൃത്തങ്ങളിൽ വാർത്ത ശക്തമായിരുന്നു. കോൺഗ്രസിൽ നിന്ന് പത്തും ജെ.ഡി.എസിൽ നിന്ന് മൂന്നും എം.എൽ.എമാരുമായി ബി.ജെ.പി രഹസ്യചർച്ചകൾ നടത്തിയതായും ശ്രുതിയുണ്ടായി.

അതിനിടെയാണ്,​ മൂന്ന് കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മുംബയിലെത്തിച്ച് ഒരു റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് മന്ത്രിയായ ഡി.കെ.ശിവകുമാർ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. ഇവരും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായും അഭ്യൂഹമുണ്ടായി. എന്നാൽ രമേഷ് ജർക്കിഹോളി, ആനന്ദ് സിംഗ്, ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ് എം.എൽ.എമാർ മറ്റ് ആവശ്യങ്ങൾക്കായാണ് മുംബയിൽ എത്തിയതെന്നും ഇത് തന്റെ അറിവോടെയാണെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മറുകണ്ടം ചാടുമെന്ന് സംശയിക്കപ്പെടുന്ന ഇവർക്കൊപ്പം മൂന്ന് എം.എൽ.എമാർ കൂടി കോൺഗ്രസിന്റെ നിരീക്ഷണത്തിലാണ്.