തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടീസ് അയച്ചു.മുൻ കേരള സർവകലാശാല ജീവനക്കാരൻ ആർ.എസ്.ശശികുമാറിന്റെ പരാതി ഫയലിൽ സ്വീകരിച്ച് ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ലോകായുക്ത ഫുൾബെഞ്ചാണ് മുഖ്യമന്ത്രി മന്ത്രിമാരും അടക്കം 17പേർക്ക് നോട്ടീസ് അയച്ചത്. അടുത്തമാസം 15ന് ഹാജരാകണം എന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ നിധിയിലെ തുകയിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തി മുഖ്യമന്ത്രി ദുർവിനിയോഗം ചെയ്തെന്ന് ഹർജിയിൽ ആരോപിക്കുന്നു. എൻ.സി.പി നേതാവ് ഉഴവൂർ വിജയന് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചെന്നും അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ എ.രാമചന്ദ്രന്റെ കുടുംബത്തിന് സഹായം നൽകിയെന്നും ഹർജിക്കാരൻ ആരോപിച്ചു.