lenin-rajendran-

തിരുവനന്തപുരം: 2003ലാണ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'അന്യർ' പുറത്തിറങ്ങുന്നത്. ഗുജറാത്ത് കലാപത്തിനു ശേഷം സമൂഹത്തിന്റെ ചിന്താഗതിക്കു സംഭവിച്ച മാറ്റത്തെയാണ് ഈ ചിത്രത്തിലൂടെ ലെനിൻ രാജേന്ദ്രൻ നോക്കി കണ്ടത്. കേരളത്തിലെ വർത്തമാനകാല ആസുരത മറയില്ലാതെ വിളിച്ചു പറഞ്ഞ ആ ചിത്രം പക്ഷെ, വൻ വിജയമായില്ല.

''എനിക്ക് ഇതൊക്കെ വിളിച്ചു പറയാൻ സിനിമ മാത്രമെ ഉള്ളൂ. ഞാനിത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ കാലം എനിക്കു മാപ്പ് തരില്ല'' അന്യർ വിജയിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാറാട് കലാപം, വടക്കൻ കേരളത്തിലെ മുസ്ലിം സ്ത്രീകളിൽ നിർബന്ധപൂർവം പർദ്ദ ധരിക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥയൊക്കെ അന്യർ കാട്ടി തന്നു. ലെനിൻ രാജേന്ദ്രന്റെ നിരീക്ഷണങ്ങൾ എല്ലാം ശരി വയ്ക്കുന്നതായിരുന്നു പിന്നീട് കേരളീയ സമൂഹത്തിലുണ്ടായ മാറ്റങ്ങൾ.

ചുവപ്പൻ മനസായിരുന്നു ലെനിൻ രാജേന്ദ്രന്റേത്. ഏറെ പിന്നാക്കാവസ്ഥയോടു പൊരുതി തന്നെയാണ് സംവിധായകനായി ലെനിൻ മാറിയത്. പട്ടികജാതി വിഭാഗത്തിൽപെട്ട ഒരു ശരാശരിക്കാരൻ സിനിമാ സംവിധാനമോഹത്തെ കുറിച്ച് ചിന്തിക്കാൻ തന്നെ കൂട്ടാക്കാതിരുന്നപ്പോഴാണ് എല്ലാ ചട്ടക്കൂടുകളേയും തകർത്ത് അദ്ദേഹം സിനിമയിൽ പുതിയൊരു പാത തുടർന്നത്.

സുകുമാരൻ, നെടുമുടി വേണു, ജലജ എന്നിവരെ അണിനിരത്തിയായിരുന്നു ആദ്യ ചിത്രം വേനൽ ഒരുക്കിയത്. വൻവിജയം നൽകി പുതിയ സംവിധായകനെ മലയാളം വരവേറ്റു. അടുത്ത ചിത്രം ചില്ലും വൻ വിജയമായിരുന്നു. നെടുമുടി വേണു ,റോണി വിൻസന്റ് ,വേണു നാഗവള്ളി ,അടൂർ ഭാസി ,ജഗതി ശ്രീകുമാർ ,ജലജ ,ശാന്തികൃഷ്ണ ,അനിത ,സുകുമാരി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. ഒ.എൻ.വി കുറുപ്പ് ,കെ.അയ്യപ്പപണിക്കർ ,ഇടശ്ശേരി എന്നിവർ ഗാനങ്ങളെഴുതി എം.ബി.ശ്രീനിവാസൻ ഈണമൊരുക്കിയപ്പോൾ ഗായകരായത് കെ. ജെ. യേശുദാസിനും,എസ്.ജാനകിയ്ക്കും പുറമെ ബാലചന്ദ്രൻ ചുള്ളിക്കാടും വേണു നാഗവള്ളിയും.

വിപണിയുടെ പ്രലോഭനങ്ങൾക്ക് ഒരിക്കലും ലെനിൻ രാജേന്ദ്രൻ വഴങ്ങിയിരുന്നില്ല.കയ്യൂർ, കരിവെള്ളൂർ വിപ്ലവ സമരങ്ങളെ ആധാരമാക്കി ഒരുക്കിയ മീനമാസത്തിലെ സൂര്യൻ അതുവരെ കാണാത്ത അവതരണ രീതിയായിരുന്നു അവംലംബിച്ചിരുന്നത്. ചരിത്രത്തോട് നീതി പുലർത്തുന്നതായിരുന്നു സ്വാതി തിരുനാൾ. 'കുല'ത്തിലെ പ്രമേയം തിരുവിതാംകൂർ ചരിത്രവും മിത്തും ചേർന്നതായിരുന്നു.

എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളിലൂടെ രഘുവരൻ എന്ന അഭിനേതാവിന്റെ അതുവരെ കാണാത്ത പ്രതിഭാവിലാസം പുറത്തു വന്നു. ദേശീയ അവാർഡ് കൈയെത്തും അകലത്താണ് ആ വർഷം രഘുവരന് നഷ്ടപ്പെട്ടത്. മഴയും രാത്രിമഴയും പ്രണയത്തിന്റെ രണ്ട് തീവ്രതലങ്ങളെ പ്രേക്ഷകരിലേക്ക് കടത്തി വിടുന്നതായിരുന്നു. മകരമഞ്ഞ് രാജാരവി വർമ്മയുടെ ജീവിതത്തെ തൊട്ടറിഞ്ഞതായിരുന്നു.

വേലുക്കുട്ടിയുടേയും ബാസമ്മയുടേയും മകനായി ജനിച്ച ലെനിൻ രാജേന്ദ്രൻ എറണാകുളത്ത് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യവെയാണ് പി.എ.ബക്കറെ പരിചയപ്പെട്ടത്. അത് സിനിമയിലേക്കുള്ള വഴി തുറന്നു. ബക്കറിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം.