ഭുവനേശ്വർ: ക്രൂര പീഡനത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹോസ്റ്റലിലെ ടോയ്ലെറ്റിൽ പ്രസവിച്ചു. ഒഡിഷയിലെ കന്ദാമൽ ജില്ലയിലുള്ള ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം.
സ്‌കൂളിൽ നിന്ന് എട്ട് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ പോയ സമയത്തായിരുന്നു കുട്ടി പീഡനത്തിന് ഇരയായത്. എന്നാൽ പേടി കാരണം കുട്ടി ആരോടും പീഡനവിവരം പറഞ്ഞിരുന്നില്ല.
അതേസമയം കുട്ടി പ്രസവിച്ച വിഷയം മറച്ചുപിടിക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായി ആരോപണം ഉണ്ട്. എന്നാൽ പ്രസവ ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതോടെ സംഭവം പുറത്തറിഞ്ഞു.
ഈ വിഷയം യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിന് ആറു ഹോസ്റ്റൽ ജോലിക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ സ്‌കൂളിനെതിരെ പ്രതിഷേധം ആരംഭിച്ചു.
പ്രസവത്തിനു ശേഷം പെൺകുട്ടിയുടെയും കുഞ്ഞിന്റെയും നില സുരക്ഷിതമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും കന്ദാമൽ പൊലീസ് സൂപ്രണ്ട് പ്രതീക് സിംഗ് പറഞ്ഞു.