കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് ആസ്ട്രേലിയയിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. 16 അംഗ അന്വേഷണ സംഘത്തിനാണ് ചുമതല നൽകിയിട്ടുള്ളത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘം നാളെ ഡൽഹിയിലേക്ക് തിരിക്കും. അഡിഷണൽ എസ്.പി പി. സോജൻ ഒരു ഡിവൈ.എസ്.പിയും മൂന്ന് എസ്‍.ഐമാരുമാണ് അന്വേഷണ സംഘത്തിലുള്ളത്.
മുനമ്പം ഹാർബറിൽ മനുഷ്യക്കടത്ത് നടന്നതിനെ കുറിച്ച് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു.ഡൽഹിയിൽ നിന്ന് സംഘത്തിലെത്തിയവർ ഉൾപ്പടെ 41 പേർ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചിൽ ആറ് ദിവസം തങ്ങിയിരുന്നു. അധികഭാരം ഒഴിവാക്കാൻ യാത്രക്കാർ ഉപേക്ഷിച്ച ബാഗുകൾ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
സംഘത്തിലെ ചിലർ ഡൽഹിയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതൽ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിൽ ഇവരെ കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസത്തെ യാത്രയ്ക്ക് ഒടുവിലാണ് ബോട്ട് ആസ്ട്രേലിയയിലെത്തുന്നത്. കഴിഞ്ഞ മാസം 22 മുതൽ ജനുവരി പതിനൊന്നാം തീയതി വരെ ഇവർ ബിച്ചിനടുത്തുള്ള ആറ് ഹോട്ടലുകളിൽ താമസിച്ചതായി പൊലീസിന് കിട്ടിയ വിവരം.