asian-cup

ഏഷ്യൻ കപ്പിൽ ബഹ്റിനോട് തോറ്റ് ഇന്ത്യ

പുറത്ത്

ദുബായ്: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ഇന്നലെ ഗ്രൂപ്പ് ബിയിൽ നടന്ന നിർണായക മത്സരത്തിൽ ബഹ്റിനോട് ഇഞ്ചോടിഞ്ച് പിടിച്ച് നിന്ന ഇന്ത്യ ഒടുവിൽ കളി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ വഴങ്ങിയ പെനാൽറ്റി ഗോളിൽ ഇടറി വീഴുകയായിരുന്നു. തൊണ്ണൂറാം മിനിറ്റിൽ ബഹ്റിൻ താരം ഷംസാനെ ഇന്ത്യൻ ക്യാപ്ടൻ പ്രണോയ് ഹാൾഡർ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ജമാൽ റഷീദ് പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കി ബഹ്റിന് ആഘോഷരാവും ഇന്ത്യയ്ക്ക് കണ്ണീർ രാത്രിയും സമ്മാനിക്കുകയായിരുന്നു. 89-ാം മിനിറ്ര് വരെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരുഗോൾ വഴങ്ങിയതോടെ അവസാനസ്ഥാനത്തേക്ക് വീഴുകയായിരുന്നു. ആതിഥേയരായ യു.എ.ഇ 5 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായും തായ്‌ലൻഡ് രണ്ടാം സ്ഥാനക്കാരയും ബഹ്റിൻ മികച്ച മൂന്നാംസ്ഥാനക്കാരായും പ്രീക്വാർട്ടറിൽ എത്തി. ഇന്നലെ നടന്ന ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ യു.എ.ഇയെ തായ്ലൻഡ് 1-1ന്റെ സമനിലയിൽ തളച്ചത് ഇന്ത്യയ്ക്ക് പാരയാവുകയായിരുന്നു.

പ്രീക്വാർട്ടറിലെത്താൻ സമനില മാത്രം മതിയായിരുന്ന ഇന്ത്യ പ്രതിരോധത്തിലൂന്നി കളിച്ചപ്പോൾ ബഹ്റിൻ തുടക്കം മുതൽ ആക്രമണ ഫുട്ബാളാണ് പുറത്തെടുത്തത്.പലപ്പോഴും ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യയ്ക്ക് രക്ഷയായത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ പരിചയ സമ്പന്നനായ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക പരിക്കേറ്ര് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

കോൺസ്റ്റന്റൈൻ രാജിവച്ചു

ദുബായ്: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ബാഹ്റിനോട് തോറ്ര് പ്രീക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യൻ കോച്ച് സ്റ്രീഫൻ കോൺസ്റ്റന്റൈൻ രാജിവച്ചു. നാല് വർഷമായി ഞാൻ ഇന്ത്യൻ ടീമിനൊപ്പമുണ്ട്.ടീമിന് ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കൊടുക്കുകയെന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. അതിന് സാധിക്കാനായതിൽ സന്തോഷമുണ്ട്. ഈ ടീമിനെയോർത്ത് ഞാൻ അഭിമാനിക്കുന്നു. എനിക്ക് അവസരം നൽകിയ എ.ഐ.എഫ്.എഫിന് നന്ദി.ഇത് വിടപറയാനുള്ള സമയമാണ്. കോൺസ്റ്റന്റൈൻ മത്സരശേഷം പറഞ്ഞു.