തിരുവനന്തപുരം: ശ്രീപദ്മനാഭനെ വണങ്ങാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാകവചമൊരുക്കി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) തലസ്ഥാനത്ത്. ഇന്ന് ഉച്ചമുതൽ നഗരം എസ്.പി.ജിയുടെ നിയന്ത്രണത്തിലാവും. സെക്യൂരിറ്റി നോഡൽ ഓഫീസർ ഐ.ജി ജി. ലക്ഷ്മൺ, സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 1000 പൊലീസുകാർ എസ്.പി.ജിയുടെ നിർദ്ദേശപ്രകാരം മോദിക്കായി സുരക്ഷാവലയം തീർക്കും. ഇന്നലെ മുതൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഇന്ന് രാവിലെ പതിനൊന്നോടെ എസ്.പി.ജി ക്ഷേത്രസുരക്ഷ ഏറ്റെടുക്കും. അഞ്ചുമുതൽ ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തില്ല. ത്രിതല സുരക്ഷയാണ് മോദിക്കായി ഒരുക്കുക.
പ്രധാനമന്ത്രിക്ക് സുരക്ഷ സജ്ജമാക്കേണ്ട സെക്യൂരിറ്റി പ്രോട്ടോക്കോൾ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോദിക്കുള്ളത്. ഐ.ജി മുന്നാ പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിൽ 25 എസ്.പി.ജി ഉദ്യോഗസ്ഥരാണ് തലസ്ഥാനത്ത് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള വെടിയുണ്ടയേൽക്കാത്ത രണ്ട് വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള വാഹനങ്ങളും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിച്ചു. ആംബുലൻസുകൾ, മൊബൈൽഫോൺ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ, ഒരേതരം കാറുകൾ എന്നിവയടങ്ങിയ വാഹനവ്യൂഹം പൊലീസാണ് സജ്ജമാക്കുന്നത്. ഇന്നലെ മുതൽ എസ്.പി.ജി സുരക്ഷാ ട്രയൽറൺ തുടങ്ങിയിട്ടുണ്ട്.
കൊല്ലത്തെ പരിപാടികൾക്കു ശേഷം ഹെലികോപ്ടറിൽ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡുമാർദം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തും. രാത്രി 7.20 മുതൽ 7.40 വരെ അദ്ദേഹം ക്ഷേത്രത്തിലുണ്ടാവും. ഇതിനു മുന്നോടിയായി വൈകിട്ട് 5 മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ നിരോധനമേർപ്പെടുത്തും. ഇതുവഴി വാഹനങ്ങൾ കടത്തിവിടില്ല. എസ്.പി.ജി കമാൻഡോകൾ ക്ഷേത്രത്തിനകത്തും പുറത്തുമായി നിലയുറപ്പിക്കും. ക്ഷേത്രസുരക്ഷയുടെ ചുമതലയുള്ള കമാൻഡോകൾക്ക് പുറമേ കൂടുതൽ സായുധ പൊലീസിനെ നാലു വലയങ്ങളായി ക്ഷേത്രത്തിനു ചുറ്റും വിന്യസിക്കും. കിഴക്കേകോട്ടയും പരിസരങ്ങളും പൊലീസ് വലയത്തിലായിരിക്കും. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ സുരക്ഷാ വിന്യാസത്തിനു നേതൃത്വം വഹിക്കും. ക്ഷേത്രത്തിനു ചുറ്റും കൂടുതൽ നിരീക്ഷണകാമറകളും കൺട്രോൾ റൂമുകളും സജ്ജമാക്കി.
2015 മാർച്ചിൽ ദ്വീപരാജ്യങ്ങളായ സീഷെൽസ്, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രധാനമന്ത്രി തലസ്ഥാനത്തിനു മുകളിലൂടെ പറന്നപ്പോൾ താഴെ അതീവജാഗ്രത പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് അടക്കം ഏത് അടിയന്തരസാഹചര്യവും നേരിടാൻ സജ്ജരായി പൊലീസ് നിലയുറപ്പിച്ചിരുന്നു. വിമാനം സീഷെൽസിലിറങ്ങും വരെ വിമാനത്താവളത്തിൽ അതീവ ജാഗ്രതയായിരുന്നു. വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ റൺവേ ഒഴിച്ചിട്ടു. ആംബുലൻസുകളും വി.വി.ഐ.പി വാഹനങ്ങളുമടങ്ങിയ പൊലീസിന്റെ വാഹനവ്യൂഹം എ.ആർ ക്യാമ്പിൽ നിന്ന് വിമാനത്താവളത്തിലെത്തി. ടെക്നിക്കൽ ഏരിയയിൽ സുരക്ഷയ്ക്കായി കൂടുതൽ സി.ഐ.എസ്.എഫ് ജവാന്മാരെ നിയോഗിച്ചു. ശ്രീചിത്രാ ആശുപത്രിയിലാണ് അന്ന് മോദിക്ക് ചികിത്സാസൗകര്യമൊരുക്കിയത്. മുഴുവൻസമയ അത്യാഹിത ചികിത്സാ സജ്ജീകരണങ്ങളോടെ അവിടെ പ്രത്യേകവാർഡ് ഒരുക്കിയിയിരുന്നു. ഈ വാർഡിന് പൊലീസ് സുരക്ഷയുമൊരുക്കിയിരുന്നു.
മോദി പറക്കുമ്പോൾ വ്യോമപാത അടയ്ക്കും
വിമാനത്താവളത്തിലെ വ്യോമസേനാ ഏരിയയിലാണ് പ്രധാനമന്ത്രിയുടെ പ്രത്യേകവിമാനമെത്തുക. വിമാനത്താവളത്തിൽ മോദി ചെലവിടുന്ന സമയത്തും കൊല്ലത്തേക്കുള്ള യാത്രാപാതയിലും വ്യോമഗതാഗത നിരോധനം ഏർപ്പെടുത്തും. തിരുവനന്തപുരത്തിനു മുകളിലൂടെ പറക്കുന്ന അന്താരാഷ്ട്ര സർവീസുകളുടെ റൂട്ട് വ്യത്യാസപ്പെടുത്തും. വ്യോമനിരോധനം ലംഘിക്കുന്ന വിമാനങ്ങളെ നേരിടാനും സജ്ജീകരണമൊരുക്കും. ദക്ഷിണ വ്യോമകമാൻഡിലെയും വ്യോമയാന മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരാണ് സുരക്ഷാക്രമീകരണങ്ങൾ നടത്തിയത്. വ്യോമസേനാ കമാൻഡ് പ്രത്യേക റഡാർ നിരീക്ഷണവും ഏർപ്പെടുത്തും.
മോദിക്ക് കൊല്ലത്തേക്ക് പറക്കാനായി വ്യോമസേനയുടെ പ്രത്യേകവിമാനവും മൂന്ന് ഹെലികോപ്ടറുകളും സജ്ജമാക്കും. കൊല്ലത്തേക്ക് മോദിയുമായി ഒരെണ്ണം പറക്കുമ്പോൾ രണ്ട് ഹെലികോപ്ടറുകൾ സർവസജ്ജമായി കാത്തുനിൽക്കും. വ്യോമപാതയിൽ വ്യോമസേനാ വിമാനങ്ങളുടെ കവചമുണ്ടാവും. വിമാനത്താവളത്തിൽ ഭീകരാക്രമണം, എമർജൻസി ലാൻഡിംഗ് അടക്കം ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായി എസ്.പി.ജിയും സി.ഐ.എസ്.എഫും നിലയുറപ്പിക്കും. വിമാനത്താവളത്തിലെ വ്യോമസേനാ ഏരിയയിൽ നിന്നാണ് രാത്രി പ്രത്യേകവിമാനത്തിൽ മോദി ഡൽഹിയിലേക്ക് മടങ്ങുക. വിമാനത്താവളം കടലോരത്തായതിനാൽ കോസ്റ്റ്ഗാർഡും നാവികസേനയും ജാഗ്രതയിലാണ്. കടലിൽ അന്തർവാഹിനികൾ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളുണ്ടാവും
ജാഗ്രതൈ...!
തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള മാലദ്വീപിലേക്ക് മുക്കാൽ മണിക്കൂർ പറന്നാൽ മതി. ഈ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഒരുക്കുക. വ്യോമാക്രമണ ഭീഷണി തടയാൻ വ്യോമകേന്ദ്രത്തിൽ എയ്റോസാറ്റ് റഡാർ സംവിധാനവുമുണ്ട്.
പ്രധാനമന്ത്രിക്കായി പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. നഗരത്തിലുടനീളം കർശന പരിശോധനകളുണ്ടായിരിക്കും. വൈകിട്ട് അഞ്ചോടെ ക്ഷേത്രദർശനത്തിന്
നിയന്ത്രണമുണ്ടാവും. (എസ്. സുരേന്ദ്രൻസിറ്റി പൊലീസ് കമ്മിഷണർ)