തിരുവനന്തപുരം : തീർത്ഥാടന ടൂറിസം ലക്ഷ്യമിട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടത്തുന്ന നവീകരണ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്വദേശ്ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതിയിൽ സമയക്കുറവ് കാരണം നവീകരണവും സൗന്ദര്യവത്കരണവും ഉൾപ്പെട്ട പദ്ധതിയുടെ 90 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് എൻജിനിയർ സനിൽകുമാർ പറഞ്ഞു. ആകെ 78.50 കോടി ചെലവിട്ടുള്ള പദ്ധതിയിൽ ഒന്നാം ഘട്ടമായി അനുവദിച്ച 66 കോടിയുടെ 90 ശതമാനം പദ്ധതികളാണ് പൂർത്തിയായിട്ടുള്ളത്. മാർച്ച് 31 വരെ കാലാവധിയുള്ള പദ്ധതി ശേഷിക്കുന്ന ദിവസത്തിനിടയിൽ പൂർണമായും നടപ്പാക്കും. പത്മതീർത്ഥക്കുളം നവീകരണം, പൈതൃക നടപ്പാതയുടെ നവീകരണം, വൈദ്യുതീകരണം, ഇൻഫർമേഷൻ സെന്റർ, ഡിജിറ്റൽ മ്യൂസിയം, ബയോടോയ്ലെറ്റുകൾ എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ദ്രുതഗതിയിലുള്ള പണികളാണ് ഒരാഴ്ചയായി നടന്നത്. പദ്മതീർത്ഥക്കുളത്തെ മാലിന്യം മാറ്റി മനോഹരിയാക്കിയിട്ടുണ്ട്. കുളത്തിൽ അടിഞ്ഞുകൂടിയ ചെളി മുഴുവനായും മാറ്റി. കൽമണ്ഡപങ്ങൾ നവീകരിച്ചു. പുനരുദ്ധാരണ സമിതിയുടെ നിർദ്ദേശപ്രകാരം കുളത്തിനുള്ളിലെ കൽമണ്ഡപം പുതുക്കിപ്പണിതു. പത്മതീർത്ഥത്തിന്റെ വടക്കും കിഴക്കേകോട്ടയിലേക്കുമുള്ള റോഡിന്റെ ടാറിംഗ്, പത്മതീർത്ഥത്തിന്റെ വശത്തെ ചുവരുകൾ പെയിന്റ് ചെയ്യൽ, കാർത്തിക തിരുനാൾ തിയേറ്ററിന് മുന്നിലെ റോഡ് നിർമ്മാണം എന്നിവ പൂർത്തിയായിക്കഴിഞ്ഞു. പദ്മതീർത്ഥക്കുളത്തിൽ പുതുതായി നിറഞ്ഞ വെള്ളത്തിൽ പായൽ പിടിച്ചുതുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനാൽ പായൽ ഭക്ഷിക്കുന്ന മത്സ്യങ്ങളെ കുളത്തിൽ നിക്ഷേപിക്കാൻ എത്തിച്ചിട്ടുണ്ട്. കുളത്തിന് ചുറ്റും തെച്ചി അടക്കമുള്ള ചെടികൾ നട്ടുപിടിപ്പിച്ചു.
ക്ഷേത്രത്തിന് ഒന്നര കിലോമീറ്ററോളം ചുറ്റളവിലുള്ള റോഡുകൾ നവീകരിച്ചതോടെ തീർത്ഥാടക സൗഹൃദമായി മാറിയിട്ടുണ്ട്. കിഴക്കേനട, വടക്കേനട, ഉത്സവമഠം, വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേനട, അനന്തൻകാട് -പടിഞ്ഞാറേനട, രാമസ്വാമി റോഡ് എന്നിവയാണ് നവീകരിച്ചത്. പൂർത്തിയായ പാതകളുടെ ഇരു വശത്തും വിളക്കുകാലുകളും സ്ഥാപിച്ചു.
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കെട്ടിടങ്ങൾ പൗരാണികത ചോർന്നുപോകാത്ത വിധം നവീകരിക്കുകയാണ്. ഇതിൽ ഉത്സവമഠത്തിന്റെ പണി പൂർത്തിയായി. പടിഞ്ഞാറേ നടയിൽ സമീപത്തെ സ്വകാര്യ കെട്ടിടങ്ങളും ഇതേ രീതിയിൽ നവീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലും നാല് നടകളിലുമായി ഒരു ലക്ഷത്തി എട്ട് തുളസിച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു.
നിർമ്മിതി കേന്ദ്രയാണ് പ്രധാനമായ നിർമ്മാണം നടത്തുന്നതെങ്കിലും ഹൗസിംഗ് ബോർഡ്, ഇലക്ട്രിസിറ്റി ബോർഡ്, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി, ഡ്രെയിനേജ് ഡിപ്പാർട്ട്മെന്റ്, സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള, കെ.എസ്.ഐ.ഇ, വാസ്കോസ് തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലാണ് പണികൾ പുരോഗമിക്കുന്നത്.
ഉദ്ഘാടന ഫലകം കിഴക്കേനടയിൽ
കിഴക്കേനടയിൽ നിന്നു ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്ന പടിക്കെട്ടിനോട് ചേർന്നാണ് ഉദ്ഘാടന ഫലകം സ്ഥാപിച്ചിട്ടുള്ളത്. ചെമ്പുതകിടിലുള്ള ഫലകം ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മറ്റു ചടങ്ങുകൾ ഉണ്ടാകില്ലെന്ന് ക്ഷേത്രം എക്സിക്യുട്ടിവ് എൻജിനിയർ പറഞ്ഞു.