തിരുവനന്തപുരം: കനകക്കുന്നിൽ പൂക്കളുടെ വർണവസന്തമൊരുക്കി ഉത്സവക്കാഴ്ച. അപൂർവയിനം പൂക്കളുടെയും സസ്യങ്ങളുടെയും പ്രദർശനവും വിപണനവുമായി നഗരവാസികളെ ആകർഷിച്ച് മുന്നേറുന്ന മേള കാണാൻ ദിവസവും ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. മത്സര വിഭാഗത്തിൽ വരുന്ന ചെടികൾക്ക് പുറമെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള പതിനായിരത്തിലധികം പൂച്ചെടികളുടെ ശേഖരമാണ് വസന്തോത്സവത്തിന് മാറ്റുകൂട്ടുന്നത്.
കണ്ണിന് കുളിർമ്മ പകരുന്ന പൂക്കളുടെ വൈവിദ്ധ്യക്കാഴ്ചയ്ക്കൊപ്പം പൂനെയിൽനിന്നുള്ള കാർണേഷൻ ചെടികൾ, അഡീനിയം ചെടികളുടെ ശേഖരം, ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ചകൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയ്യാറാക്കുന്ന ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവകാഴ്ചകൾ, കിർത്താഡ്സിന്റെ വംശീയ പാരമ്പര്യ വൈദ്യസ്റ്റാളുകൾ, ഗോത്രവർഗക്കാരുടെ തനത് ഭക്ഷ്യവിഭവങ്ങൾ, 'വനശ്രീ" സ്റ്റാൾ, ഹോർട്ടികോർപ്പിന്റെ 'തേൻകൂട്", കാർഷികോത്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും സ്റ്റാളുകൾ എന്നിവയും വസന്തോത്സവത്തിന്റെ ആകർഷണങ്ങളാണ്.
പുഷ്പാലങ്കാര സമ്പ്രദായങ്ങളുടെ കൗതുകക്കാഴ്ചയായി മാറുകയാണ് കനകക്കുന്ന് കൊട്ടാരത്തിന്റെ അകത്തളം. ബാംഗ്ലൂരിൽ നിന്നെത്തിച്ച വിവിധയിനം പുഷ്പങ്ങൾ ഉപയോഗിച്ചാണ് ബൊക്കെകൾ, ഫ്ളവർ പോട്ടുകൾ തുടങ്ങിയ പുഷ്പാലങ്കാര മാതൃകകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ലില്ലി, റോസ്, കാർണേഷൻ, ഹെലിക്കോണിയ, ക്രിസാന്തിമം, ഓർക്കിഡ്, ഗ്ലാഡിയോല തുടങ്ങി അതിമനോഹരമായ പുഷ്പങ്ങൾ കൊണ്ടാണ് കൊട്ടാരത്തിന്റെ അകത്തളം അലങ്കരിച്ചിരിക്കുന്നത്.
ഓർക്കിഡ് വസന്തം
വർണങ്ങൾ വാരിവിതറി വസന്തോത്സവത്തിൽ പലതരം ഓർക്കിഡുകൾ. നിറത്തിലും വലിപ്പത്തിലും ആരെയും ആകർഷിക്കുന്ന സിമ്പിഡിയം ഇനത്തിൽപ്പെട്ട ഓർക്കിഡുകളാണ് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലുള്ളത്. തണുത്ത കാലാവസ്ഥയിൽ മാത്രം പുഷ്പിക്കുന്ന വിചിത്രയിനം ഓർക്കിഡുകളാണിവ. ഒരൊറ്റ പൂക്കുല ഒരു പൂച്ചെണ്ടായി ഉപയോഗിക്കാവുന്നവിധം പുഷ്പസമ്പന്നമാണെന്നതാണ് സിമ്പിഡിയത്തിന് പ്രചാരമേറ്റുന്നത്. ഒരു പുഷ്പത്തിന് മാത്രം 150 രൂപയ്ക്കു മുകളിലാണ് ഇവയുടെ വില. ടി.ബി.ജി.ആർ.ഐയിൽ നിന്നു പ്രദർശനത്തിനെത്തിച്ചിട്ടുള്ള മൊക്കാറാ കുടുംബത്തിൽപ്പെട്ട ഓർക്കിഡുകളും ഡാൻസിംഗ് ഗേൾ ഫലനോപ്സിസ് വിഭാഗത്തിൽപ്പെട്ട ഓർക്കിഡുകളും സന്ദർശകശ്രദ്ധ ആകർഷിക്കുന്നവയാണ്. തായ്ലൻഡിൽ നിന്നും എത്തിയിട്ടുള്ള ഓർക്കിഡ് ചെടികളും സ്റ്റാളിലുണ്ട്.
നെപ്പന്തസ് മുഖ്യ ആകർഷണം
സസ്യലോകത്തെ അദ്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള പിറ്റ്ചർ എന്ന കെണിയിൽ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികൾ വസന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.
പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം. നെപ്പന്തസ് ചെടികളുടെ രണ്ട് ഇനങ്ങളാണ് വസന്തോത്സവത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
കൊതിയൂറും ഭക്ഷ്യമേളയും
പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിന്റെ ആകർഷണമാണ്. സൂര്യകാന്തിയിലാണ് ഭക്ഷ്യമേള. കുടുംബശ്രീയും കെ.ടി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞുനിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടൻ കുട്ടനാടൻ മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു.
കെ.ടി.ഡി.സിയുടെ രാമശേരി ഇഡ്ലി മേളയാണ് ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണം. വെങ്കായ തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ എന്നിവയും കെ.ടി.ഡി.സിയുടെ സ്റ്റാളിലുണ്ട്. ചിക്കൻ വിഭവങ്ങളും മലബാറിന്റെ തനതു പലഹാരങ്ങളുമാണ് കഫെ കുടുംബശ്രീയിൽ. മേള 20ന് സമാപിക്കും.