തിരുവനന്തപുരം: അനശ്വര നടൻ പ്രേംനസീർ തകർത്ത് അഭിനയിച്ച് മനോഹരമാക്കിയ വയലാർ രാമവർമ്മയുടെ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരം 'നിത്യവസന്തം' നാളെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും.
പ്രേംനസീറിന്റെ 30-ാംചരമവാർഷികത്തോടും വയലാർ നവതിയോടും അനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതി ഭവനുമായി സഹകരിച്ച് വയലാർ രാമവർമ്മ സാംസ്കാരിക വേദിയാണ് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി സംഘടിപ്പിക്കുന്നത്.
വയലാർ എഴുതിയ കള്ളിപ്പാലകൾ പൂത്തു, സ്വപ്നങ്ങൾ സ്വപ്നങ്ങളെ, വസുമതീ, മാലിനി നദിയിൽ, റംസാനിലെ ചന്ദ്രികയോ, സ്വപ്നലേഖ, അരയിലൊറ്റമുണ്ടുടുത്ത, നദികളിൽ സുന്ദരി, ഓട്ടുവളയെടുക്കാൻ, സ്വപ്നസഞ്ചാരിണി, താലിക്കുരുത്തോല തുടങ്ങി 21 ഓളം ഗാനങ്ങൾ വിവിധ ഗായകർ ആലപിക്കും. പിന്നണി ഗായകരായ രവിശങ്കർ, മണക്കാട് ഗോപൻ, ഖാലിദ്, നിഖിൽ, ജോസ് സാഗർ, സുരേഷ് വാസുദേവ്, അജിത്ത്, അഖില ആനന്ദ്, പി. സുശീലാദേവി, സരിത രാജീവ്, സിന്ധുപ്രതാപ്, സരിതറാം, ജോതി സന്തോഷ്, ലക്ഷ്മിരംഗൻ, പ്രാർത്ഥന, ഡോ. രേഖറാണി, വീണ, ശ്രീലക്ഷ്മി, ആതിര മുരളി എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
വയലാറിന്റെ വടക്കൻപാട്ടുകളും, ശ്രീകുമാരൻ തമ്പിയുടെ കസ്തൂരിമണക്കുന്നല്ലോ എന്ന ഗാനവും കോർത്തിണക്കി നൂപുര അവതരിപ്പിക്കുന്ന 80 നർത്തകിമാർ അണിനിരക്കുന്ന നൃത്തശില്പവുമുണ്ട്.
ഇതിന്റെ റിഹേഴ്സൽ പുരോഗമിക്കുകയാണ്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓപ്പൺ എയർ ആഡിറ്റോറിയമായ രാകേന്ദുവിലാണ് പരിപാടി.
നാളെ വൈകിട്ട് 5.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ മേയർ കെ. ചന്ദ്രിക അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവാർഡ് ജേതാക്കളെ ആദരിക്കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. പന്ന്യൻ രവീന്ദ്രൻ വയലാർ അനുസ്മരണവും, മേയർ വി.കെ. പ്രശാന്ത് പ്രേംനസീർ അനുസ്മരണവും നടത്തും. എം.ആർ. ജയഗീത സ്വാഗതവും മണക്കാട് രാമചന്ദ്രൻ നന്ദിയും പറയും. പ്രേംനസീറിന്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് 30 ദീപങ്ങൾ തെളിക്കും. പ്രേംനസീറുമായി കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടൻ ജി.കെ. പിള്ളയ്ക്ക് വയലാർ നവതി പ്രേംനസീർ പുരസ്കാരം നൽകും. സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ചവർക്കും പുരസ്കാരങ്ങൾ നൽകും. പ്രവേശനം സൗജന്യമാണ്.