തിരുവനന്തപുരം : പാരമ്പര്യത്തിന്റെ മഹിമയിൽ പകർന്നുകിട്ടിയ കരവിരുതുകൾ ... ലോഹത്തിൽ തീർത്ത ആഭരണങ്ങൾ... പരമ്പരാഗത കൈത്തറിയിൽ നെയ്തെടുത്ത വസ്ത്രങ്ങൾ ...
വി.ജെ.ടി ഹാളിൽ നടക്കുന്ന അഖിലേന്ത്യാ കരകൗശല മേളയാണ് കരവിരുതിന്റെയും വസ്ത്ര വൈവിദ്ധ്യങ്ങളുടെയും പ്രപഞ്ചമൊരുക്കി കാണികളെ ആകർഷിക്കുന്നത്.
നാല്പതിലധികം വരുന്ന സ്റ്റാളുകളിൽ രാജസ്ഥാനിൽ നിന്നുള്ള ജൂട്ട് സാരികൾ, മദ്ധ്യപ്രദേശിൽ നിന്നുള്ള ഹാൻഡ് ബ്ലോക്ക്ഡ് ചെന്തേരി കോട്ടൺ സാരികൾ, ഭഗൽപൂർ ബാടിക് സാരി എന്നിവയും ഇടം പിടിച്ചിട്ടുണ്ട്.
ബംഗാൾ, മധുര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ പരമ്പരാഗത സാരികൾ, ആറന്മുള കണ്ണാടി, ആമാടപെട്ടി എന്നിവയും മേളയെ ആകർഷകമാക്കുന്നു.
ഉത്തർപ്രദേശിൽ നിന്നു തുടക്കം
ഉത്തർപ്രദേശിൽ നിന്നു ഖാദി കളക്ഷൻ വസ്ത്രങ്ങൾ ഏറെയുണ്ട്. ഷർട്ട്, ജൂബ, കുർത്ത എന്നിവയ്ക്ക് വില 250 രൂപ മുതലാണ്. ഭഗൽപൂർ കുർത്ത, ചുരിദാർ മെറ്റീരിയൽ എന്നിവയും ഈ സ്റ്റാളിൽ നിന്നു ലഭിക്കും. രാജസ്ഥാനിലെ പരമ്പരാഗത ആഭരണ സ്റ്റാളിലെ ഓക്സിഡൈസ്ഡ് സിൽവർ, ബ്ലാക്ക് മെറ്റൽ കമ്മലുകൾ, നെക്ലേസുകൾ, കൊലുസുകൾ, ലോക്കറ്റ് എന്നിവ ആകർഷകമാണ്.
രാജസ്ഥാനിലെ ലെതർ ഹാൻഡിക്രാഫ്റ്റ് ഉത്പന്നങ്ങളാണ് മറ്റൊരു പ്രത്യേകത. അണ്ടർ കട്ട് ശില്പങ്ങളും വില്പനയ്ക്കുണ്ട്.
ജൂട്ട് ബാഗുകൾ, ഷോൾഡർ ബാഗുകൾ, ചെന്നൈ പട്ടണം കളിപ്പാട്ടങ്ങൾ എന്നിവയും വില്പനയ്ക്കുണ്ട്. പശ്ചിമ ബംഗാളിൽ നിന്നുള്ള കാന്താ വർക്ക് സാരികൾ, ബ്ലൗസുകൾ, ഗുജറാത്തിൽ നിന്നുള്ള അജ്കർ ടോപ്, ഇക്കത്ത് ടോപ് എന്നിവയ്ക്ക് 750 രൂപ മുതലാണ് വില. ജൂട്ട് ബാഗുകൾ, ഷോൾഡർ ബാഗുകൾ, ചെന്നൈ പട്ടണം കളിപ്പാട്ടങ്ങൾ എന്നിവയും വില്പനയ്ക്കുണ്ട്. സോഫ കട്ട് വർക്കുകൾ, പില്ലോ കവറുകൾ തുടങ്ങിയ വ്യത്യസ്ത തുണി ഉത്പന്നങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്.
കേരളത്തിന്റെ തനിമ
സംസ്ഥാന കരകൗശല വികസന കോർപറേഷൻ നടത്തുന്ന സ്റ്റാച്യു കൈരളി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ പാരമ്പര്യ തനിമയുള്ള വസ്തുക്കളാണ് വില്പനയ്ക്കുള്ളത്. ആറന്മുള കണ്ണാടി, ജുവലറി ബ്ലോക്സ്, നിലവിളക്കുകൾ, നിറപറ, സ്പൈസസ് ഇൻ ക്രാഫ്ട്, കഥകളി തുടങ്ങിയവ ഇവിടെ ഉണ്ട്. കുമ്പിൾ, തേക്ക്, ഈട്ടി എന്നിവയിൽ കൊത്തിയെടുത്ത ദേവതാശില്പങ്ങളും ഈ സ്റ്റാളിലുണ്ട്.
കോഴിക്കോട് സ്വദേശി ബിഥുല നിർമ്മിച്ച ടെറാക്കോട്ട ശില്പങ്ങൾ മറ്റൊരു സ്റ്റാളിൽ ഉണ്ട്. ഇവ ഉപയോഗിച്ച് നിർമ്മിച്ച ലാമ്പ് ഷേഡ്, യൂട്ടിലിറ്റി ഐറ്റംസ്, കൂജകൾ തുടങ്ങി വ്യത്യസ്ത ഇനം ശില്പങ്ങൾ ഇവിടെ കാണാം.
കേരളത്തിന്റെ പരമ്പരാഗത ഈറ, മുള ഉത്പന്നങ്ങളാണ് മറ്റൊരു പ്രത്യേകത. ഫ്ളവർ ബേസിൻ, ലാംപ് ഷേഡ്, പെൻ സ്റ്റാൻഡ് എന്നിവ വട്ടിയൂർക്കാവ് സേവ യുടെ സ്റ്റാളിൽ ലഭിക്കും.
ഭരണികൾ, കൂജ, ബുദ്ധന്റെ പ്രതിമ, മൺതവിയും പാത്രങ്ങളും മാത്രമല്ല മുളയിലുള്ള പുട്ടുകുറ്റിയും വില്പനയ്ക്കുണ്ട് . ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പിൽ നടക്കുന്ന മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പങ്കെടുക്കുന്നവർക്ക് യാത്രാചെലവും താമസ സൗകര്യവുമടക്കം കമ്മിഷനാണ് ഒരുക്കുന്നത്. ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കാണ് വില്പന നടത്തുന്നതെന്ന് കൈരളി ഷോറൂം മാനേജർ ധ്യാനലക്ഷ്മി പറഞ്ഞു. മേള 21ന് സമാപിക്കും.