തിരുവനന്തപുരം: റോഡിന്റെ ഒരു വശം പൊങ്ങിയ നിലയിൽ, മറുപകുതി കുണ്ടിൽ താഴ്ന്ന് കുഴിയായ നിലയിൽ. പൊങ്ങി നിൽക്കുന്ന ഭാഗമാകട്ടെ പൊട്ടിപ്പൊളിഞ്ഞൊട്ട് ഗതാഗത യോഗ്യവുമല്ല. ഇതാണ് ആറ്റുകാൽ - ചിറമുക്ക് - കാലടി റോഡിന്റെ കഴിഞ്ഞ ഒരു വർഷമായുള്ള അവസ്ഥ. കഴിഞ്ഞ വർഷം ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാൻ നഗരസഭയും പി.ഡബ്ലിയു.ഡിയും ചേർന്ന് കരാർ നൽകി. എന്നാൽ അറ്റകുറ്റപ്പണിയാരംഭിച്ചതാകട്ടെ പൊങ്കാലയുടെ തലേദിവസം. പൊങ്കാല കലങ്ങൾക്കിടെ അറ്രകുറ്റപ്പണിയുമായി എത്തിയ കരാറുകാരെ നാട്ടുകാർ പ്രതിഷേധിച്ച് ഓടിച്ചതോടെ അറ്റകുറ്റപ്പണി പാതി വഴിയിൽ അവസാനിച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ ദുരിതത്തിലൂടെയാണ് നടുവൊടിഞ്ഞുള്ള വാഹനയാത്രകളെന്ന് നാട്ടുകാർ പറയുന്നു. ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 20ന് നടക്കാനിരിക്കെ സ്ഥിതി കൂടുതൽ വഷളാകും.
ഇല്ലെങ്കിലേ യാത്ര ഞെങ്ങി ഞെരുങ്ങി
കുപ്പിക്കഴുത്ത് പോലെയുള്ള ആറ്റുകാൽ – ചിറമുക്ക് – ഐരാണിമുട്ടം റോഡിലൂടെ വാഹനങ്ങൾ പോകുന്നത് ഞെങ്ങി ഞെരുങ്ങിയാണ്. പോരാത്തതിന് ഗതാഗത തിരക്കും. മണക്കാട് ജംഗ്ഷൻ മുതൽ ഐരാണിമുട്ടം വരെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന രീതിയിലുള്ള റോഡാണുള്ളത്. എതിരെ വാഹനം വന്നാൽ പെട്ടതു തന്നെ. മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആറ്റുകാൽ ഐ.ടി.സി, ചിൻമയാ മിഷൻ സ്കൂൾ, തുഞ്ചൻ സ്മാരക സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വരുന്നവർ ഗതാഗതക്കുരുക്കുമൂലം ദുരിതത്തിലാണ്. ഗവ. ഹോമിയോ മെഡിക്കൽകോളേജ്, ഐരാണിമുട്ടം ഗവ. ആശുപത്രി, ആറ്റുകാൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തര സഹായത്തിനായി രോഗികളുമായി വരുന്നതിനും ഇടുങ്ങിയ റോഡ് തടസമായി നിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
മണക്കാട് മുതൽ മരുതൂർക്കടവ് വരെ വീതി കൂട്ടുന്നതിലേക്ക് 40 വർഷം മുൻപ് ട്രിഡയെ ചുമതലപ്പെടുത്തി പഠനം നടത്തി രൂപരേഖ തയ്യാറാക്കിയിരുന്നു. ഈ പദ്ധതി മരുതൂർക്കടവ് മുതൽ കാലടി വരെ നടപ്പിലാക്കി നിറുത്തിയതോടെയാണ് മണക്കാട് മുതൽ ചിറമുക്ക് വരെയുള്ള യാത്ര കഷ്ടത്തിലായത്. റോഡ് അടിയന്തരമായി വീതി കൂട്ടി വാഹനക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡ് വീതിയില്ലാത്തതുമൂലം ആശങ്കയിലാണ് റോഡിന് ഇരുവശത്തുമുള്ള കടകളിലെ വ്യാപാരികളും.
ചൊവ്വ, വെള്ളി ദിവസങ്ങളിലും അഭൂതപൂർവമായ തിരക്കാണ് ഇവിടെ ഉണ്ടാകുന്നത്.