പതിനേഴാം നൂറ്റാണ്ടിൽ കേരളം ലോകത്തിന് നൽകിയ അത്യപൂർവ സംഭാവനയാണ് ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കൂസ്. ഇന്ത്യയിൽ മലബാറിലെ സസ്യലോകം എന്ന് ഈ മൂന്ന് ലാറ്റിൻ പദങ്ങളെ മലയാളീകരിക്കാം. മലബാറി (കേരളത്തി)ൽ വളരുന്ന 742 സസ്യങ്ങളെപ്പറ്റിയാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. കേരളത്തിൽ വളരാത്ത ഇന്ത്യയുടെ ഇതരഭാഗങ്ങളിലെസുപ്രധാന ഔഷധസസ്യങ്ങളായ ദേവതാരം, ജഡാമഞ്ചി, സോമവല്ലി, കുങ്കുമം, യവം, ബദാം തുടങ്ങിയവയൊന്നും ഹോർത്തൂസിൽ ചേർത്തിട്ടില്ല
ആദ്യം അച്ചടിച്ച മലയാളം
ഹോർത്തൂസിന്റെ ഒന്നാം വാല്യത്തിൽ ആറ് സാക്ഷ്യപത്രങ്ങൾ അഥവാ സർട്ടിഫിക്കറ്റുകൾ ചേർത്തിട്ടുണ്ട്. 11-ാം പേജിലുള്ള മലയാളം ആര്യ എഴുത്തിലുള്ള സാക്ഷ്യപത്രമാണ്. ലോകത്ത് ആദ്യം അച്ചടിച്ച മലയാളം, മൂലകൃതിയെയും മുഖ്യ രചയിതാവിനെയും ഉള്ളടക്കത്തെയും വ്യക്തമായി രേഖപ്പെടുത്തുന്ന സുപ്രധാന രേഖയാണിത്. പത്ത് സെന്റീമീറ്റർ നീളത്തിൽ പതിനഞ്ച് വരികൾ മാത്രമാണ് ഇതിലുള്ളത്.
ലോകത്ത് ആദ്യമായി അച്ചടിമഷി പുരണ്ടത് എന്ന ബഹുമതിയും ഈ സുവർണസാക്ഷ്യപത്രത്തിനുള്ളതാണ്. ഇത് എഴുതിയത് ഒരു മലയാളി അല്ല. കൊച്ചിയിലെ ഡച്ച് കോട്ടയിലെ ഔദ്യോഗിക ദ്വിഭാഷിയായിരുന്ന പോർട്ടുഗീസ് വംശജനായ ഇമ്മാനുവെൽ കർണ്ണേരുവാണ്. ഇദ്ദേഹത്തിന്റെ ജനനവും വിവാഹവും താമസവും കൊച്ചിയിലായിരുന്നു. രണ്ടാമത് അച്ചടിമഷി പുരണ്ടത് ഇട്ടി അച്യുതൻ വൈദ്യർ എഴുതിയ മലയാളം കോലെഴുത്ത് സാക്ഷ്യപത്രത്തിലാണ്.
പ്രസിദ്ധീകരണം
1675 ഏപ്രിൽ 20 ന് ഗ്രന്ഥത്തിന്റെ രചന പൂർത്തിയായി. ലാറ്റിൻ ഭാഷയിൽ റോമൻ ലിപിയിൽ അച്ചടിച്ച് ആംസ്റ്റർഡാമിൽനിന്ന് ഹോർത്തൂസ് 1678, 79, 82, 83, 85, 86, 88, 89, 90, 92, 1693 എന്നീ ആണ്ടുകളിലാണ് യഥാക്രമം 12 വാല്യങ്ങളും പ്രസിദ്ധീകരിച്ചത്.
ഡെറാഡൂണിൽനിന്നും ബിഷൻ സിംഗ് മഹേന്ദ്രപാൽ സിംഗ് ഹോർത്തൂസിന്റെ ഇന്ത്യൻ പതിപ്പ് 1983 മുതൽ 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പേജുകൾ
സസ്യവിവരണങ്ങൾക്ക് 1524 പേജുകളും ആമുഖം, സമർപ്പണം, മുഖവുര എന്നിവയ്ക്കെല്ലാംകൂടി 92 പേജുകളും ഉൾപ്പെടെ 12 വാല്യങ്ങളിലും കൂടി 1616 ഡബിൾ ഫോളിയോ വലിപ്പത്തിലുള്ള പേജുകളാണുള്ളത്. കൂടാതെ 780 ഡബിൾ പേജുകൾ ചിത്രത്തിനായിട്ടുണ്ട്. മറുപുറത്ത് അച്ചടിയില്ല. 112, 111, 88, 127, 121, 109, 113, 88, 171, 190, 134, 100 എന്നിങ്ങനെയാണ് ഒന്നുമുതൽ 12 വരെയുള്ള വാല്യങ്ങളുടെ പേജുകൾ.
ഭാഷയും ലിപിയും
വിവിധങ്ങളായ നാല് ഭാഷകളും അഞ്ച് ലിപികളുംകൊണ്ട് സമ്പന്നമായ ഗ്രന്ഥമാണ് ഹോർത്തൂസ്. മലയാള ലിപികളായ ആര്യ എഴുത്ത്, കോലെഴുത്ത്, വട്ടെഴുത്ത്, കൊങ്കണി ഭാഷയ്ക്കുവേണ്ടി നാഗരി ലിപിയിലും ആദ്യമായി അച്ചടി മഷിപുരണ്ടത് ഈ ഗ്രന്ഥത്തിലാണ്.
അറബിമലയാളം ഭാഷയും നടാടെ മുദ്രണം ചെയ്തതും ഹോർത്തൂസിലാണ്. ഗ്രന്ഥവിവരണങ്ങൾ മുഴുവൻ ലാറ്റിൻ ഭാഷയിൽ റോമൻ ലിപിയിലാണ്. മിക്കപേജുകളിലും സസ്യനാമം റോമൻ, ആര്യ എഴുത്ത്, അറബി, നാഗരി എന്നീ ലിപികളിൽ യഥാക്രമം ലത്തീൻ, മലയാളം, അറബിമലയാളം, കൊങ്കണി എന്നീ നാല് ഭാഷകളിൽ മുദ്രണം ചെയ്തിട്ടുണ്ട്.
വീരകേരളവർമ്മ
1663 മുതൽ1687 വരെ കൊച്ചി രാജാവായിരുന്ന വീരകേരള വർമ്മയ്ക്കാണ് ഹോർത്തുസിന്റെ മൂന്നാം വാള്യം സമർപ്പിച്ചിരിക്കുന്നത്.
ഗ്രന്ഥ രചനയിൽ ഇദ്ദേഹത്തിന്റെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിച്ചിട്ടുണ്ട്. 1663 മാർച്ച് 6-ാം തീയതി മുത്ത താവഴിയിലെ വീര കേരളവർമ്മ രാജകുമാരൻ അഡ്മിറൽ വാൻ ഗുൺസ്, ഡച്ച് കമ്പനിയുടെ അധികാര ചിഹ്നങ്ങളോടുകൂടിയ ഒരു സ്വർണ കിരീടം രാജാവിന് നൽകിയാണ് പാരമ്പര്യ ചടങ്ങുകളോടുകൂടി കിരീടധാരണം ചെയ്യപ്പെട്ടത്.
ആദ്യം തെങ്ങ്, ഒടുവിൽ തിന
742 സസ്യങ്ങളുടെ 780 ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലമ്പനയ്ക്കാണ്. പന്ത്രണ്ട് ചിത്രപ്പേജ്. പന്ത്രണ്ടിലുംകൂടി 47 ചിത്രങ്ങളുണ്ട്. ആദ്യത്തെ ചിത്രം തെങ്ങാണ്. നാല് ചിത്രപ്പേജ്. അതിലെല്ലാംകൂടി 17 ചിത്രങ്ങളുണ്ട്. മൊത്തം പന്ത്രണ്ട് വാല്യത്തിലുംകൂടി ചിത്രമില്ലാത്ത 11 സസ്യങ്ങളുണ്ട്. അവസാനത്തെ 780-ാം ചിത്രം തിനയാണ്.
മൂന്ന് കൊങ്കണി ബ്രാഹ്മണർ
രംഗഭട്ട്, വിനായക പണ്ഡിറ്റ്, അപ്പുഭട്ട്എന്നീ മൂന്ന് കൊങ്കണി ബ്രാഹ്മണർ ഹോർത്തൂസ് നിർമ്മാണത്തിൽ സഹായിച്ചിരുന്നു. ഗ്രന്ഥരചനയുടെ ഒന്നാംഘട്ടത്തിൽ ഫാ. മാത്യൂസിന്റെയും രണ്ടാംഘട്ടത്തിൽ ഇട്ടി അച്യുതൻ വൈദ്യരുടെയും സഹായികളായിരുന്നു മൂവരും. അഞ്ചും ആറും സാക്ഷ്യപത്രങ്ങൾ ഇവർ കൂട്ടായിട്ടെഴുതി കൈയൊപ്പ് വച്ചിട്ടുണ്ട്.
ഫാ. മാത്യു ഒഫ് സെന്റ്ജോസഫ്
ഹോർത്തുസ് മലബാറിക്കൂസ് എന്ന കൃതിയുടെ പ്രവർത്തനം ബ്രദർ മാത്യു ഒഫ് സെന്റ്ജോസഫ് (ഫാദർ മാത്യൂസ്) വരച്ച ചിത്രവും വിവരണവും പകർത്തുന്നതിൽ നിന്നും ആരംഭിച്ചു. ലയിഡൻ സർവകലാശാലയിലെ പ്രൊഫസറും ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറും ആയ ഡോ. പോൾ ഹെർമാന്റെ ഉപദേശമനുസരിച്ച് അതെല്ലാം ഉപേക്ഷിച്ചു. പ്രാരംഭകൻ മാത്രമാണ് ഫാ. മാത്യൂസ്.
ഡച്ചുകാർ
1662ൽ ഡച്ചുകാർ പോർചുഗീസുകാരുടെ കൊച്ചീക്കോട്ട ആക്രമിച്ചു. വിജയിച്ചില്ല. 1668-ൽ കൂടുതൽകപ്പലും സൈന്യവുമായി വന്ന് വീണ്ടും ആക്രമിച്ചു.
പോർച്ചുഗീസുകാരെ തോൽപ്പിച്ച് കൊച്ചിക്കോട്ട ഡച്ചുകാർ 1663ജനുവരി ഏഴിന് പിടിച്ചെടുത്തു.
വാൻ റീഡ് എന്ന സമ്പാദകൻ
ഡച്ചിലെ ഒരു പ്രഭു കുടുംബത്തിലാണ് 1636ൽ വാൻ റീഡ് ജനിച്ചത്. വളരെ ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ടു. ഔപചാരിക വിദ്യാഭ്യാസം വളരെ കുറച്ചുമാത്രമേലഭിച്ചിട്ടുള്ളൂ. 20-ാം വയസിൽ മലബാർ തീരത്തെത്തി. സാധാരണ ഭടനായി ജീവിതം ആരംഭിച്ച വാൻ റീഡ് പടിപടിയായി ഉയർന്ന് 1673ൽ കൊച്ചിയിലെ ഡച്ച് കോട്ടയുടെ ഗവർണർ ആയി. 1677ൽ രാജിവച്ച് നാട്ടിലേക്ക് പോയി. 1684ൽ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണറായി നിയമിക്കപ്പെട്ടു. കൊച്ചിയിൽ നിന്ന് സൂററ്റിലേക്കുള്ള കപ്പൽ സഞ്ചാരത്തിനിടയിൽ 1691 ഡിസംബർ 15 ന് ഹെന്റിക് ആഡ്രിയൻ വാൻ റീഡ് നിര്യാതനായി. സൂററ്റിലെ ഡച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. മനോഹരമായ ഒരു സ്മാരകം സൂററ്റിലുണ്ട്. ടൈറ്റിൽപേജിൽ ഏറ്റവും പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കുന്നത് വാൻ റീഡിന്റെ പേരാണ്. 'Adornata" എന്നൊരു ലാറ്റിൻ പദംകൂടി പേരിനു മുകളിൽ ചേർത്തിട്ടുണ്ട്. ഗ്രന്ഥം തയ്യാറാക്കുന്നതിൽ വാൻ റീഡിനുള്ള സ്ഥാനം, പദവി എന്നിവ വ്യക്തമാക്കുന്ന പദമാണിത്.
പ്രസാധകൻ, സമ്പാദകൻ, സൂത്രധാരൻ, ആദ്യവസാന മിനുക്കുപണിക്കാരൻ എന്നിങ്ങനെയെല്ലാം സന്ദർഭാനുസരണം വ്യാഖ്യാനിക്കാം എന്നതല്ലാതെ ഗ്രന്ഥകാരൻ, രചയിതാവ് എന്നൊന്നും പറയാനാവില്ല. ''ഹെൻറിക് ആഡ്രിയാൻ വാൻ റീഡ് (1636-1691) ആണ് 1678 - 1693 കാലത്ത് ആംസ്റ്റർ ഡാമിൽ നിന്ന് ലത്തീൻ ഭാഷയിൽ 12 വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ ഹോർത്തുസ് മലബാറിക്കൂസിന്റെ സമ്പാദകനും പ്രചാരകനും"" മലയാളം പതിപ്പിൽ ചേർത്തിരിക്കുന്ന ജീവചരിത്രത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഹോർത്തൂസിൽ ചേർത്തിട്ടുള്ള വാൻ റീഡിന്റെ പടം വരച്ചത് ആംസ്റ്റർഡാമിലെ പ്രസിദ്ധ കലാകാരനായിരുന്ന പീറ്റർ സ്റ്റീഫെൻസ് വാൻ ഗുൺസ്റ്റ് ആയിരുന്നു.
മുഖ്യരചയിതാവ് ഇട്ടി അച്യുതൻ വൈദ്യർ
ഹോർത്തൂസിനെ പ്രധാനമായി സസ്യശാസ്ത്രമെന്നും ആയുർവേദ ശാസ്ത്രമെന്നും രണ്ടായി തരംതിരിക്കാവുന്നതാണ്. ആംസ്റ്റർ ഡാം, ലയിഡൻ സർവകലാശാലകളിലെ പ്രൊഫസർമാരാണ് ഹോർത്തൂസിൽ ചേർത്തിട്ടുള്ള 742 ചെടികളുടെ സസ്യശാസ്ത്ര സംബന്ധമായ വിവരണങ്ങൾക്ക് അവസാനരൂപം നൽകിയത്. അവരിൽ ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല. എന്നാൽ തെറ്റുകൾ തിരുത്തിയ വിദേശികളായ ആറ് പണ്ഡിതന്മാരുടെ പേരുകൾ ചില രേഖകളിൽ കാണുന്നുണ്ട്.
ഏതാണ്ട് 588 സസ്യങ്ങളുടെ ആയുർവേദ ചികിത്സാശാസ്ത്ര സംബന്ധമായ വിവരങ്ങൾ മുഴുവൻ പറഞ്ഞുകൊടുത്തത് ഇട്ടി അച്യുതൻ വൈദ്യരാണെന്ന് ഒന്നാംവാല്യത്തിൽ ചേർത്തിട്ടുള്ള നാല് സർട്ടിഫിക്കറ്റുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഗ്രന്ഥത്തിൽ എഴുതിവിവരിച്ചിട്ടുള്ളതും ദീർഘകാലത്തെ പരിചയത്തിന്റെയും പ്രയോഗത്തിന്റെയും ഫലമായി ഞാൻ നിരീക്ഷിച്ചറിഞ്ഞിട്ടുള്ളതുമായ വൃക്ഷങ്ങൾ, ചെറുവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, വളളികൾ എന്നിവയുടെ പേരുകളും ഔഷധശക്തികളും മറ്റു ഗുണങ്ങളും ബഹുമാനപ്പെട്ട സൊസൈറ്റിയുടെ ദ്വിഭാഷിയായ മാനുവെൽകർണ്ണെറോയെ അറിയിക്കുകയും എഴുതിയെടുക്കാൻവേണ്ടി പറഞ്ഞുകൊടുക്കുകയും അതെല്ലാം മാനുവൽ കർണെറോ ആണ് എഴുതിയതെന്നും കൊല്ലാട്ടു വൈദ്യനും ഇട്ടി അച്യുതൻ പറഞ്ഞു തന്നത് കേട്ടെഴുതുകയാണ് താൻ ചെയ്തതെന്ന് മാനുവൽ കർണേറോയുംസത്യമായി സാക്ഷ്യപ്പെടുത്തുന്നതാണ്ആദ്യത്തെ നാല് സാക്ഷ്യപത്രങ്ങളിലും മുദ്രണം ചെയ്തിട്ടുള്ളത്. മറ്റൊരാളുടെ പേരും ഇപ്രകാരം ടൈറ്റിൽ പേജിലോ ഹോർത്തൂസിന്റെ മറ്റ് ഭാഗങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല.
അങ്ങനെ വിലയിരുത്തുമ്പോൾ വൈദ്യ വിശാരദൻ, ക്രാന്തദർശിയായ ഭിഷഗ്വരൻ, പ്രഗല്ഭനായ ആയുർവേദാചാര്യൻ, പണ്ഡിതനായ ബഹുഭാഷാജ്ഞാനി, സൂക്ഷ്മദൃക്കായ ഗവേഷകൻ, മഹാനായ ശാസ്ത്രജ്ഞൻ, ദീർഘദർശിയായ ഗ്രന്ഥകാരൻ എന്നീ നിലകളിലെല്ലാം സവ്യസാചിയായിരുന്ന ഇട്ടി അച്യുതൻ വൈദ്യർ ഇതിഹാസ ഗ്രന്ഥമായ ഹോർത്തൂസിന്റെ മുഖ്യരചയിതാവാണെന്ന് തീർത്ത് പറയാൻ സാധിക്കും.