kanagadurga

മലപ്പുറം: ശബരിമല ദർശനം നടത്തി വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചതായി ആരോപണം. ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ പെരുന്തൽമണ്ണയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നെന്നും ഭർത്താവിന്റെ അമ്മയാണ് ആദ്യം മർദ്ദിച്ചതെന്നും കനകദു‌ർഗ ആരോപിച്ചു. മർദ്ദനമേറ്റ കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് കനകദുർഗയെ ആശുപത്രിയിലേയ്‌ക്ക് പ്രവേശിപ്പിച്ചത്.

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ജനുവരി രണ്ടിനാണ് കനകദുർഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. മഫ്‌തിയിലുള്ള പൊലീസിന്റെ അകമ്പടിയിൽ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇവർ മലകയറിയത്. പമ്പയിൽ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്‌ക്കുള്ള ആംബുലൻസിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്. നിലയ്‌ക്കലിൽ നിന്ന് മടങ്ങിയ വഴിയിലും ഇവർക്ക് സുരക്ഷ നൽകി. ശബരിമലയിലേക്കുള്ള യാത്രയിൽ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകൾ സന്നിധാനത്ത് നടത്തിയിരുന്നു.

മുമ്പ് ബിന്ദുവും സുഹൃത്ത് കനകദുർഗയും കഴിഞ്ഞ ഡിസംബർ 24-ന് ശബരിമല ദർശനത്തിന് വന്നിരുന്നു. അന്ന് മരക്കൂട്ടം കടന്ന് സന്നിധാനത്തിന് അടുത്ത് ചന്ദ്രാനന്ദൻ റോഡുവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധം കാരണം പൊലീസ് നിർബന്ധിച്ച് മലയിറക്കുകയായിരുന്നു. വീണ്ടും ശബരിമലയിലേക്ക് വരുമെന്ന് അന്ന് കനകദുർഗ പറഞ്ഞിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചുവെന്ന വാർത്ത പുറത്തറിഞ്ഞതോടെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധവും അക്രമവും നടന്നിരുന്നു.