പുതുക്കാട്: ഹൈവേ മോഷണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ ബിനുവിന്റേത് അമ്പരപ്പിക്കുന്ന വളർച്ച. കൊല്ലം ജില്ലയിലെ ശക്തിക്കുളങ്ങരയിൽ ദരിദ്രകുടുംബത്തിലായിരുന്നു ബിനു ജനിച്ചു വളർന്നത്. ദുരിതപൂർണ്ണമായ ബാല്യകൗമാരത്തിന് ശേഷമാണ് ബിനുവിന്റെ ജീവിതം വഴിതിരിയുന്നത്. ഒരു മോപ്പഡിൽ മീൻവിൽപ്പന ആരംഭിച്ചു.
തുടർന്ന് മീൻ വിൽപനയുടെ മറവിൽ കഞ്ചാവ് കച്ചവടം തുടങ്ങി. ഇതിനിടയിൽ പുനലൂർ സ്വദേശിനിയെ വിവാഹം കഴിച്ചു. ലഹരി വിൽപനയ്‌ക്കൊപ്പം ഉപയോഗവും തുടങ്ങിയ ബിനുവിന്റെ ഉപദ്രവം സഹിക്കാതായതോടെ യുവതി ബന്ധം ഉപേക്ഷിച്ചു. കഞ്ചാവ് വിൽപന കാരണം പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണിലെ കരടായി .. തുടർന്ന് ആറ്റിങ്ങലിനടുത്ത് മംഗലപുരത്തേക്ക് താമസം മാറ്റി.
ഇവിടെ വാടകയ്ക്ക് താമസിക്കുമ്പോഴാണ് അടൂർ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ഇവിടെ അയൽക്കാരുമായി യാതൊരു അടുപ്പവും ബിനു പുലർത്തിയിരുന്നില്ല. ഇവിടെയും കഞ്ചാവ് കച്ചവടം തുടർന്ന ബിനു ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സ്വദേശി കളപ്പുരയിൽ വിനീതിനെ പരിചയപ്പെട്ടതോടെ രണ്ടു പേരും ചേർന്ന് ഹൈവേ കേന്ദ്രീകരിച്ച് മോഷണത്തിലേക്ക് തിരിഞ്ഞു.
ഇതോടെ സാമ്പത്തികമായി ബിനു വളർന്നു. എം.സി റോഡിലും എൻ.എച്ച് നാൽപത്തേഴിലുമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി പുലർച്ചെ മോഷണം നടത്തിവരികയായിരുന്നു. ഇവരുടെ മോഷണ പരമ്പര മൂലം നട്ടം തിരിഞ്ഞ ഡ്രൈവർമാർ പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളെ സമീപിച്ചതോടെ മോഷണസംഘത്തെ കണ്ടെത്താൻ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണ സംഘം രൂപീകരിച്ചു.
മിക്കയിടങ്ങളിലും ലക്ഷക്കണക്കിന് രൂപ മോഷണം പോയെന്ന പരാതിയാണ് ലഭിച്ചത്. പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ബിനുവിനെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മനസിലാക്കിയ പുന്നപ്ര പൊലീസിന്റെ വലയിലകപ്പെട്ട ബിനുവിനും വിനീതിനുമെതിരെ അമ്പലപ്പുഴ, പുന്നപ്ര , മാരാരിക്കുളം, ആലപ്പുഴ നോർത്ത്, അടൂർ ഏനാത്ത്, ചാലക്കുടി മുതലായ സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവിടങ്ങളിൽ നിന്നെല്ലാം ലക്ഷക്കണക്കിന് രൂപയാണ് ഇവർ മോഷ്ടിച്ചെടുത്തത്.
പുന്നപ്രയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് ബിനുവിന്റെ മംഗലപുരത്തെ വാടക വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നിരവധി തെളിവുകൾ ലഭിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ ജാമ്യത്തിലിറങ്ങിയ ബിനു പിന്നീടും മോഷണം തുടർന്നു. ഈ പണമുപയോഗിച്ച് ഇപ്പോൾ താമസിക്കുന്ന വാടക വീടിനു കുറച്ചു മാറി ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങി, അവിടെ കോടികൾ മതിപ്പുള്ള ഇരുനില ആഡംബര വീട് നിർമ്മിച്ചു. ഒരു പിക് അപ് വാനും ആധുനിക ബൈക്കും വാങ്ങിയതായും ചാലക്കുടിയിലെ അന്വേഷണ സംഘം കണ്ടെത്തി. പൊലീസിനെ ഭയന്ന് പുരയിടത്തിനോട് ചേർന്ന് ഒരു ഷെഡു കെട്ടി അതിൽ മീൻ ബോക്സുകൾ അടുക്കി അതിനിടയിലാണ് ബിനു മോഷണത്തിനു പോകാത്ത രാത്രികളിൽ ഉറങ്ങിയിരുന്നത്. പൊലീസ് പിടികൂടിയാൽ രാഷ്ട്രീയ സ്വാധീനവും മറ്റും പറഞ്ഞും ഭീഷണിപ്പെടുത്തുന്നതും ബിനുവിന്റെ ശീലമാണ്.