കണ്ണൂർ: കണ്ണൂർ പെരളശേരിയിൽ എ.കെ.ജി സ്മാരകം നിർമ്മിക്കാൻ പത്ത് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. എന്നാൽ ഇതിനെതിരെ എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും പണം കണ്ടെത്താനാവാത്ത സമയത്താണ് സമാരകത്തിനായി ഇത്രയും പണം അനുവദിച്ചതെന്നാണ് കോൺഗ്രസിന്റെ വാദം.
കഴിഞ്ഞ ബഡ്‌ജറ്റിൽ എ.കെ.ജി സ്മാരകത്തിനായി പ്രഖ്യാപിച്ച പത്ത് കോടി രൂപ അനുവദിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറങ്ങിയത്. അഞ്ചരക്കണ്ടി പുഴക്ക് സമീപം മൂന്ന് ഏക്കർ സ്ഥലം വാങ്ങാനാണ് പണം അനുവദിച്ചത്. എ.കെ.ജി.യുടെ പേരിൽ നിരവധി വായനശാലകളും ആശുപത്രികളും ഉണ്ടായിട്ടും സ്മാരകത്തിനായി സ്ഥലം വാങ്ങാൻ സർക്കാർ പണം അനുവദിച്ചതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
എ.കെ.ജിയെ പോലെ ആദരിക്കപ്പെടേണ്ട വ്യക്തിക്കായി സമാരകം ഒരുക്കുന്നതിൽ തെറ്റില്ല, എന്നാൽ പ്രളയദുരിതത്തിൽ നിന്ന് എങ്ങനെ കരകയറും എന്ന് ആലോചിക്കുന്നതിന് പകരം സ്മാരകത്തിനായി പണം ചിലവഴിക്കുന്നത് ജനവഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷൻ പാച്ചേനി പറഞ്ഞു. സ്മാരകത്തിനായി സർക്കാരല്ല സി.പി.എമ്മാണ് പണം കണ്ടെത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
സംസ്ഥാന തലത്തിൽ തന്നെ എ.കെ.ജിയെ കുറിച്ച് പുതിയ തലമുറക്ക് പഠിക്കാൻ അവസരമൊരുക്കുന്ന തരത്തിലുള്ള മ്യൂസിയത്തെ പണവുമായി കൂട്ടിക്കുഴച്ച് വിമർശിക്കുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കി.