pinarayi

തൊടുപുഴ: പ്രോട്ടോക്കോൾ പ്രശ്നം ഉന്നയിച്ച് സ്വന്തം മണ്ഡലത്തിലെ പൊതു പരിപാടിയിൽ നിന്ന് വിട്ടുനിന്ന പി.ജെ. ജോസഫ് എൽ.എൽ.എയ്ക്ക് മുഖ്യമന്ത്രിയുടെ പരിഹാസം. 'ഇപ്പോൾ മന്ത്രിയല്ലെന്ന കാര്യം പി.ജെ ജോസഫിന് ബോധ്യമായിട്ടില്ലെന്നാണ് തോന്നുന്നത്. സംസ്ഥാനത്ത് ഭരണം മാറിയ കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. രണ്ട് കൊല്ലവും ഏഴ് മാസവുമായി ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കണം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മുട്ടത്ത് വിജിലൻസ് ആന്റ് ആന്റീ കറപ്ഷൻ ബ്യുറോ മന്ദിരത്തിന്റെ ഉദ്ഘാനമായിരുന്നു വേദി. തന്നെ അദ്ധ്യക്ഷനാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ഥലം എം.എൽ.എയായ പി.ജെ. ജോസഫ് വിട്ടുനിന്നത്.

മുഖ്യമന്ത്രി ഉദ്ഘാടകനും പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നനിലയിൽ ജി. സുധാകരൻ അദ്ധ്യക്ഷനുമായാണ് സംഘാടകർ പരിപാടി തയ്യാറാക്കിയത്. എന്നാൽ സമയത്ത് മന്ത്രി സുധാകരൻ ചടങ്ങിൽ എത്തിയില്ല. പകരം ജില്ലക്കാരൻ കൂടിയായ മന്ത്രി എം.എം. മണി അദ്ധ്യക്ഷനായി. മന്ത്രിമാർ ഉദ്ഘാടകരാകുന്ന പൊതുപരിപാടികളിൽ സ്ഥലം എം.എൽ.എ അദ്ധ്യക്ഷനാകണമെന്നാണ് ജോസഫിന്റെ വാദം. എന്നാൽ ഒന്നിലധികം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ ഒരു മന്ത്രി ഉദ്ഘാടകനായാൽ മറ്റൊരു മന്ത്രി അദ്ധ്യക്ഷനാകണമെന്നാണ് പുതുക്കിയ പ്രോട്ടോക്കോൾ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് പി.ജെ. ജോസഫ് മന്ത്രി ആയിരുന്ന കാലത്ത് നടപ്പിലാക്കിയ നയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനപ്രതിനിധിയായും മന്ത്രിയായും ദീർഘനാളത്തെ പരിചയമുള്ള പി.ജെ ജോസഫിന് ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല . ജോസഫിന് എന്ത് പറ്റിയെന്നാണ് തനിക്ക് മനസിലാകാത്തതെന്നും സദസിലുയർന്ന കരഘോഷത്തിനിടെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തൊടുപുഴയിൽ ഇടതുമുന്നണി സംഘടിപ്പിച്ച നയവിശദീകരണയോഗത്തിലും മുഖ്യമന്ത്രി ഇതേ പരാമർശം ആവർത്തിച്ചു.

അദ്ധ്യക്ഷനാക്കിയാലെ പരിപാടികളിൽ പങ്കെടുക്കു എന്ന പി.ജെ. ജോസഫിന്റെ നിലപാട് ഖേദകരമാണെന്ന് മന്ത്രി എം.എം. മണി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം തൊടുപുഴ നിയോജക മണ്ഡലത്തിൽ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്ത ചടങ്ങുകളിലും ഇതേ കാരണം പറഞ്ഞ് എം.എൽ.എ പങ്കെടുത്തിരുന്നില്ല. ഏത് സർക്കാർ അധികാരത്തിൽ വന്നാലും രാജ്യത്ത് നിലനിൽക്കുന്ന പ്രോട്ടോകോൾ അനുസരിച്ചേ കാര്യങ്ങൾ നടക്കൂവെന്നും എം.എം. മണി പറഞ്ഞു.