ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് പരിഗണിക്കാൻ സാധ്യതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.
ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ പരാമർശം. അൻപത് പുനപരിശോധനാ ഹർജികളാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയ്‌ക്ക് മുന്നിലെത്തിയത്. ഹർജികൾ പരിഗണിക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും പൂർണമായും റെക്കാഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കമെന്ന മാത്യു കുഴൽ നാടന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ചീഫ് ജസ്‌റ്റിസ് കാര്യം വ്യക്തമാക്കിയത്. ഇന്ദു മൽഹോത്ര അവധിയിലായ സ്ഥിതിയ്‌ക്ക് ജനുവരി 22ന് കേസ് പരിഗണിക്കുന്നത് മാറ്റിയേക്കുമെന്ന് ചീഫ് ജസ്‌റ്റിസ് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, എ.എം ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ ആണ് ബെഞ്ചിലെ അംഗങ്ങൾ.
മുൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സെപ്‌തംബർ 28ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കാമെന്ന് വിധി പ്രസ്‌താവിച്ചത്.