munambam-harbour

കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്കുള്ള മനുഷ്യക്കടത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ബോട്ട് വാങ്ങിയത് രണ്ട് തമിഴ് വംശജരെന്ന് പൊലീസ് വ്യക്തമാക്കി. നാവിക സേനയും കോസ്റ്റ‌്‌ ഗാർഡും ബോട്ടിൽ കടന്നവർക്കായി തിരച്ചിൽ നടത്തുമ്പോഴും പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്.

തിരുവനന്തപുരം കോവളം സ്വദേശി അനിൽകുമാറിൽ നിന്നാണ് തമിഴ് സംസാരിക്കുന്ന രണ്ടുപേർ ബോട്ട് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. സെൽവൻ,​ ശ്രീകാന്തൻ എന്നിവരാണ് ബോട്ട് വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു കോടി രണ്ട് ലക്ഷം രൂപക്കാണ് ഇവർ അനിൽകുമാറിൽ നിന്ന് ബോട്ട് വാങ്ങിയത്. സെൽവൻ കുളച്ചൽ സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. മറ്റുള്ളവരെ പറ്റി ഒരു വിവരവും ലഭ്യമായിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയായി സെൽവൻ കൊടുങ്ങല്ലൂരിലെ ഒരു ലോഡ്‌ജിൽ താമസിച്ച് വരികയായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബോട്ടിൽ സംഘം പുറപ്പെട്ടതിന് പിന്നാലെ സെൽവത്തിന്റെ ഫോൺ നമ്പർ പ്രവർത്തന രഹിതമായതായി പൊലീസ് കണ്ടെത്തി. ഇയാൾ ഒളിവിലാണോ സംഘത്തിനൊപ്പം ബോട്ടു വഴി രാജ്യം വിട്ടോ എന്നും അന്വേഷിക്കുകയാണ് പൊലീസ്.

കൊടുങ്ങല്ലൂരിൽ നിന്നും നിരവധി ബാഗുകൾ മുനമ്പത്തേതിന് സമാനമായി കണ്ടെത്തിയതോടെ മനുഷ്യക്കടത്തിൽ ഇനിയും കൂടുതൽ പേരുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള 42പേരാണ് ബോട്ടിലൂടെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ഐലന്റിലേക്ക് കടന്നതെന്നാണ് സൂചന. എന്നാൽ ഒന്നിൽ കൂടുതൽ ബോട്ടുകൾ മുനമ്പത്ത് നിന്ന് പോയതായി പൊലീസ് സംശയിക്കുന്നു.

കൊടുങ്ങല്ലൂരിൽ നിന്ന് ലഭിച്ച ബാഗുകളിൽ ഒരു കൊളംബോ സ്വദേശിയുടെ മേൽവിലാസം ലഭിച്ചിരുന്നു. മുനമ്പത്ത് കണ്ടവർ ഹിന്ദി സംസാരിക്കുന്നവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡൽഹി വഴിയാണ് നെടുമ്പാശേരിയിൽ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശ്രീലങ്കയിൽ നിന്നും നിരവധിപേർ മനുഷ്യക്കടത്തിൽ ഉണ്ടെന്നാണ് സൂചന.

ബോട്ടിൽ ഇന്ധനം ശേഖരിക്കാനായി സമീപത്തുള്ള ബോട്ടുകൾക്ക് ഇന്ധനം നിറക്കുന്ന പെട്രോൾ സ്റ്രേഷനിൽ സംഘത്തിലെ ചിലർ എത്തിയിതായി പ്രദേശവാസികൾ വ്യക്തമാക്കി. സാധാരണഗതിയിൽ 5000മുതൽ 6000ലിറ്റർ ഇന്ധനമാണ് മത്സ്യതൊഴിലാളികൾ ബോട്ടിൽ നിറക്കാറുള്ളത്. എന്നാൽ സംഘത്തിലുള്ളവർ 15000ത്തോളം ലിറ്റർ ഇന്ധനം ശേഖരിച്ചതായാണ് വിവരം. ഇന്ധനം നിറക്കാനെത്തുന്ന എല്ലാവരും മത്സ്യതൊഴിലാളികളുമായി സംസാരിക്കാറുണ്ടെന്നും എന്നാൽ ബോട്ടിലുള്ളവർ ആരോടും സംസാരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. മനുഷ്യക്കടത്തിന് പിന്നിൽ ചെന്നൈ,​ കൊളംബോ,​ ഡൽഹി റാക്കറ്റാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.