k-surendran

കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമലയിൽ പോകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നൽകിയ ഹർജി ഹെെക്കോടതി തള്ളി. അതേസമയം, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയെ സുരേന്ദ്രന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിലടക്കം അറസ്​റ്റിലായി ജാമ്യത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് സുരേന്ദ്രൻ ഹർജി നൽകിയത്. എന്നാൽ, ഈ സീസണിൽ സുരേന്ദ്രനെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ നേരത്തെ സുരേന്ദ്രന്‍ ദിവസങ്ങളോളം ജാമ്യം കിട്ടാതെ ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുവാദമില്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥയിൽ ഇളവ് തേടിയും നേരത്തെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശബരിമലയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാനാണോ പോകുന്നതെന്ന് ഹർജി പരിഗണിക്കുന്നതിനിടയിൽ കോടതി ചോദിച്ചിരുന്നു. മകര വിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു.