ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ കാത്തിരുന്നതും ഇനി കാത്തിരിക്കാൻ പോകുന്നതും ജസ്‌റ്റിസ് ഇന്ദു മൽഹോത്രയ്‌ക്ക് വേണ്ടിയാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ. പുന:പരിശോധന ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന ചിഫ് ജസ്‌റ്റിസിന്റെ പരാമർശത്തിൽ പ്രതികരിക്കവെയാണ് പ്രയാർ ഇക്കാര്യം വ്യക്തമാക്കിയത്. ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര ആരോഗ്യകാരണങ്ങളാൽ അവധിയിലാണ്. അവർ വന്നതിന് ശേഷം മാത്രമെ റിവ്യു ഹർജികൾ പരിഗണിക്കുകയുള്ളുവെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.
'സുപ്രീം കോടതിയുടെ വിധിക്കായി ഞാനടക്കമുള്ളവർ മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ്. ജസ്‌റ്റിസ് ഇന്ദു മൽഹോത്രയുടെ ഒരു വനിത എന്ന നിലയിലുള്ള ശബരിമലയുടെ പുരാണവും ചരിത്രവുമെല്ലാം പഠിച്ചിട്ടുള്ള വളരെ പ്രധാനമായ വിധിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി വരെ നിലവിലുള്ള ബെഞ്ച് അതിനെ കുറിച്ച് കൂടുതൽ അറിയണം പഠിക്കണമെന്നാവശ്യപ്പെട്ടത്. എന്തായാലും സത്യത്തിനായിരിക്കും ആത്യന്തിക വിജയം. ശ്രീ അയ്യപ്പൻ കലിയുഗ വരദായകനാണ്. പിണറായി വിജയനും അദ്ദേഹതതിന്റെ സർക്കാരും പൊലീസ് പടയും വൻമതിലുമൊക്കെ അയ്യപ്പന് മുന്നിൽ നിഷ്‌പ്രഭമാകുന്ന കാഴ്‌ചയാണ് കണ്ടത്'- പ്രയാർ പ്രതികരിച്ചു.
ശബരിമലയിൽ പ്രായേഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലെ നാലു പേർ ഏകാഭിപ്രായം പുലർത്തിയപ്പോൾ വ്യത്യസ്‌തവിധി രേഖപ്പെടുത്തിയത് ബെഞ്ചിലെ ഏക സ്ത്രീ പ്രാതിനിധ്യമായ ജസ്റ്റിസ് ഇന്ദു മൽഹോത്രയായിരുന്നു. മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ശബരിമല ക്ഷേത്രത്തിനും സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്. അക്കാര്യം വിധിയിൽ പരിഗണിക്കണമെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കിയത്.
മതപരമായ കാര്യങ്ങളിൽ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ല. ആഴത്തിൽ വേരുറപ്പിച്ച മതവിശ്വാസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കനുസൃതമായി മാറ്റിയെഴുതാവുന്നതല്ല എന്ന് തന്റെ വിധി ന്യായത്തിൽ അവർ വ്യക്തമാക്കി. ഇന്ത്യയിൽ ഏതെങ്കിലും മതവിഭാഗം ആചാരാനുഷ്‌ഠാനങ്ങളിൽ വ്യക്തമായ ധാരണയും രീതിയും തുടർന്നു പോരുന്നുവെങ്കിൽ അത് നിലനിൽക്കുന്ന തരത്തിലാവണം കോടതി തീരുമാനം എടുക്കേണ്ടതെന്നും അവർ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണങ്ങൾ ഇവയായിരുന്നു-
1. മതപരമായി നിലനിന്നു പോരുന്ന ആചാരങ്ങൾ സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലല്ലെങ്കിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ല.
2. ഒരു മതത്തിന്റെ വിശ്വാസികളാണ് ആചാരങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത്.
3. ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ മതാചാരങ്ങളെ കുറിച്ചുള്ള വിധിയിൽ പ്രതിഫലിക്കരുത്.
4. മതങ്ങളുടെ താരതമ്യവും മതാചാരങ്ങളെ കുറിച്ചുള്ള കോടതി തീരുമാനവും തികച്ചും അപ്രസക്തമാണ്.
5. മതനിരപേക്ഷത നിലനിൽക്കുന്ന സമൂഹത്തിൽ ഏതൊരു മതവിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസരിച്ച് ആചാരനുഷ്ഠാനങ്ങൾ
തീരുമാനിക്കാം.
6. യുക്തിക്കനുസരിച്ച് വിശ്വാസത്തെ മാറ്റാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.
7. വിവേചനപരമാണെങ്കിലും മരപരമായ ആചാരങ്ങൾ മാനിക്കപ്പെടണം. മറ്റൊരാളുടെ മതവിശ്വാസത്തെ ഹനിക്കുന്നതല്ലെങ്കിൽ ഏതു മതത്തിനും സ്വന്തം
ആചാരങ്ങൾ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്.