man-killing-mother

ഹോണോലുലു: ഹവായിലെ ഹോണോലുലുവിൽ അമ്മയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രി‍ഡ്‌ജിൽ സൂക്ഷിച്ച കേസിൽ മകന് 30 വർഷം കോടതി തടവ്ശിക്ഷ വിധിച്ചു. ഹവായിയിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് ലിയു യുൻ ഗോങ് എന്ന സ്ത്രീയെ മകൻ യു വെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണ് സംഭവം. തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവെയ്‌യെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അമ്മ എവിടെയെന്ന് പൊലീസ് ചോദിച്ചിരുന്നു. അമ്മ ഫ്രിഡ്‌ജിലുണ്ടെന്നായിരുന്നു യുവാവിന്റെ മറുപടി.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലിയുവിനെ കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയും മറ്റു ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വച്ചിരുന്നത്. തന്നെ സ്‌കൂളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യു വെയ് മൊഴി നൽകിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ, അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞിട്ടുണ്ട്. ഹവായിയിലെ ഒരു സ്‌പായിൽ ജോലി ചെയ്യുകയായിരുന്നു ലിയു യുൻ. ദിവസങ്ങളായി ജോലിക്കെത്താത്തതിനെ തുടർന്ന് കടയുടമ യുവെയ്‌യെ വിളിച്ചു വിവരം ആരാഞ്ഞിരുന്നു. എന്നാൽ, ലിയു സമീപ ദ്വീപിലേക്കു പോയിരിക്കുകയാണെന്നും മാസങ്ങൾക്കു ശേഷമെ തിരിച്ചുവരികയുള്ളൂവെന്നായിരുന്നു യുവെയ് അവർക്ക് നൽകിയ മറുപടി.