അലറിക്കൊണ്ട് ഗ്രിഗറി പിന്നോട്ടു തെറിച്ചു. തൊട്ടുപിന്നിൽ നിന്നിരുന്ന കൂട്ടാളികളും അയാൾക്കൊപ്പം തറയിൽ മലർന്നുവീണു.
തുറന്ന വാതിൽപ്പാളി ഭിത്തിയിൽ ഇടിച്ചിട്ട് തിരികെ വന്നു.
ബഞ്ചമിൻ മുറിക്കുള്ളിലേക്ക് ടോർച്ചു തെളിച്ചു.
വിഷ്ണുദാസും ഉദേഷ്‌കുമാറും അകത്തേക്കു പാഞ്ഞു കയറി.
അവർ, തറയിൽ നിന്ന് എഴുന്നേൽക്കുവാൻ ഭാവിക്കുന്ന മൂവർ സംഘത്തിനു നേർക്കു പിസ്റ്റൾ ചൂണ്ടി.
''അനങ്ങിപ്പോകരുത്.'
മൂവരുടെയും ധൈര്യം ചോർന്നു...
ബഞ്ചമിൻ രണ്ട് കൈവിലങ്ങുകൾ വലിച്ചെടുത്ത് വിഷ്ണുദാസിനു നേരെ എറിഞ്ഞുകൊടുത്തു. അയാൾ അത് ഗ്രിഗറിയുടെ രണ്ട് കയ്യിലും മറ്റുള്ളവരുടെ ഓരോ കയ്യിലുമായി ബന്ധിച്ചു.
പിന്നെ മൂവരെയും വലിച്ചുയർത്തി.
''നടക്കിനെടാ...'
അറവുമാടുകളെ പരസ്പരം കൂട്ടിക്കെട്ടി കൊണ്ടുപോകുന്നതു പോലെ ഗ്രിഗറിയെയും കൂട്ടാളികളെയും അകത്തേക്കു നയിച്ചു.
അകത്ത്...
വിജയയുടെ അവസ്ഥ കണ്ട് മൂവരും ഞെട്ടിപ്പോയി...
ബഞ്ചമിൻ കയർ അഴിച്ച് അവളെ താഴെയിറക്കി. താഴെ വീഴാൻ പോയ വിജയയെ ഉദേഷ്‌കുമാർ താങ്ങി.
വിഷ്ണുദാസ് മുറിയിലെ ലൈറ്റ് തെളിച്ചിട്ട് കെട്ടിടത്തിന്റെ മുൻഭാഗത്തെ വാതിൽ തുറന്നുകൊടുത്തു.
ആർജവും ബിന്ദുലാലും കൂടി അകത്തെത്തി.
''വെള്ളം...'
പാതി മയക്കത്തിൽ എന്നവണ്ണം വിജയ മന്ത്രിച്ചുകൊണ്ടിരുന്നു.
അവർ പെട്ടെന്ന് അവളെ അല്പം അകലെ കിടന്നിരുന്ന ബൊലേറോയിലേക്കു കൊണ്ടുപോയി. അതിനുള്ളിൽ വെള്ളം ഉണ്ടായിരുന്നു..
ആർജവും ബെഞ്ചമിനും കൂടി ചിന്തിച്ചു:
''ഇവന്മാരെ അറസ്റ്റുചെയ്തുകൊണ്ടുപോയി ജനങ്ങളുടെ നികുതിപ്പണം കൊണ്ട് തീറ്റിപ്പോറ്റി നെയ്യ് മുറ്റിക്കണോ?'
''വേണ്ട സാറേ.. ഞങ്ങളെ വിട്ടേര്. ഈ നാട്ടീന്നേ ഞങ്ങള് പൊയ്‌ക്കൊള്ളാം...'
പെട്ടെന്ന് പ്രതീക്ഷയുടെ ഒരു വെളിച്ചം മിന്നിയതുപോലെ ഗ്രിഗറി പറഞ്ഞു.
''അതെ.. നിങ്ങളെ വിടാൻ തന്നെ തീരുമാനിച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തേക്കല്ല. അങ്ങ് പരലോകത്തേക്ക്. അവിടാകുമ്പം പോലീസിനെ പേടിക്കുകയും വേണ്ടാ...'
''ങ്‌ഹേ!?'
ഗ്രിഗറിയും കൂട്ടാളികളും വിറച്ചുപോയി.
ബഞ്ചമിൻ ആർജവിനെ നോക്കി.
''ഈ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തപ്പോൾ നമ്മൾ തീരുമാനിച്ച കാര്യമാണ്. കൊടും ക്രിമിനലുകളെ ഒരിക്കലും ഇരുമ്പഴികൾക്കുള്ളിൽ സുഖവാസത്തിനു വിടത്തില്ലെന്ന്. പക്ഷേ...'
അയാൾ പകുതിക്കു നിർത്തി.
''ഒരു പക്ഷേയുമില്ല ബഞ്ചമാ. ഇവന്മാരുടെ മരണം നമ്മൾ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ പോകുകയാ.'
''ആരുടെ?'
ബഞ്ചമിൻ നെറ്റി ചുളിച്ചു.
''മുസാഫിർ സുബ്രഹ്മണ്യ ഈശോ എന്ന കൽക്കിയുടെ...'
''സാർ.. ഞങ്ങളെ കൊല്ലല്ലേ സാർ...'
ഗ്രിഗറിയും കൂട്ടാളികളും യാചിച്ചു നോക്കി.
പക്ഷേ ആർജവ് വഴങ്ങിയില്ല...
വിജയയെ ബന്ധിച്ചിരുന്ന കയർ എടുത്ത് അയാൾ മൂന്നായി മുറിച്ചു. പിന്നെ കസേരയിൽ കയറി നിന്ന് കെട്ടിടത്തിന്റെ ഉയരം കുറഞ്ഞ കഴുക്കോലിലൂടെ കയറ്റിവലിച്ചു.
തുടർന്ന് കയറിന്റെ അടുത്ത അഗ്രങ്ങൾ മൂവരുടെയും കഴുത്തിൽ കെട്ടി.
മറ്റേയറ്റം ഒന്നിച്ചു ചേർത്തു പിടിച്ചിട്ട് ബഞ്ചമിനെക്കൂടി സഹായത്തിനു വിളിച്ചു ആർജവ്.
ഇരുവരും ചേർന്ന് കയറിൽ ആഞ്ഞുവലിച്ചു. വിലങ്ങുകളിൽ കുരുങ്ങിയ മൂന്നു ശരീരങ്ങളും മുകളിലേക്കുയർന്നു...
ചൂണ്ടയിൽ കുരുങ്ങിയ മത്സ്യങ്ങൾ കണക്കെ മൂവരും പിടഞ്ഞു.
വിലങ്ങുകൾ വല്ലാതെ കിലുങ്ങി.
സെക്കന്റുകൾ... വെട്ടിപ്പിടഞ്ഞ് ഗ്രിഗറിയും കൂട്ടാളികളും നിശ്ചലരായി.
കയർ അവർ കഴുക്കോലിൽ കെട്ടി ഉറപ്പിച്ചു.
പിന്നെ വിലങ്ങുകൾ അഴിച്ച് തിരികെയെടുത്തു.
തറയിൽ നിന്ന് ഒരടി ഉയരത്തിലായിരുന്നു ഗ്രിഗറിയുടെയും മറ്റും കാലുകൾ...
സംതൃപ്തിയോടെ ആർജവും ബഞ്ചമിനും തിരിയാൻ ഭാവിച്ചതും പിന്നിൽ ഒരലർച്ച...(തുടരും)