mla

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം നിർവ്വഹിക്കാനിരിക്കെ എം.എൽ.എമാരെ ഒഴിവാക്കിയതിൽ പ്രാദേശിക രാഷ്ട്രീയം ചൂട് പിടിച്ചിരിക്കുകയാണ്. ബൈപ്പാസ് ഉദ്ഘാടന വോദിിയിൽ നിന്ന് പ്രാദേശിക എം.എൽ.എമാരായ എം.എ നൗഷാദിനെയുംഎൻ വിജയൻ പിള്ളയെയും ഒഴിവാക്കിയതിനെ ചൊല്ലിയാണ് വിവാദം. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ഗവർണർ പി.സദാശിവം, മന്ത്രി ജി.സുധാകരൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

അതേസമയം ബി.ജെ.പി എം.എൽ.എയായ ഒ.രാജഗോപാലിനും സുരേഷ് ഗോപി എം.പിക്കും വേദിയിൽ ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം മേയർ വി.രാജേന്ദ്രബാബുവിനെയും വേദിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കൊല്ലത്ത് നിന്ന് മുകേഷ് എം.എൽ.എ മാത്രമാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം വേദി പങ്കിടുന്നത്.

ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് ബി.ജെ.പി തങ്ങളുടെ പാർട്ടി പരിപാടിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. ഇന്ന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ വഴി കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയ ശേഷമായിരിക്കും ഉദ്ഘാടന ചടങ്ങ് നടത്തുക. പരിപാടിയുടെ മോടി കുറയ്ക്കാനായി സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപണവുമായി ബിജെപിയും രംഗത്തെത്തി.

ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. കൊല്ലം എം.എൽ.എ എം.മുകേഷിനു മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്. ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ബൈപ്പാസ് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചതോടെ വൻ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്.

'വേദിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് രാഷ്ട്രീയ നീക്കമാണെന്ന് ഇരവിപുരം എം.എൽ.എ പറഞ്ഞു. വേദിയിൽ നിന്ന് മാത്രമേ തന്നെ ഒഴിവാക്കാൻ സാധിക്കുകയുള്ളു ജനമനസ്സുകളിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നും' അദ്ദേഹം വ്യക്തമാക്കി.

മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 14 കിലോമീറ്റർ ദൂരമാണു ബൈപാസിന്റെ നീളം. 1972ൽ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം - ആൽത്തറമൂട് ഭാഗവും പുനർനിർമിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമർപ്പിക്കുന്നത്. ശേഷം 5.30ന് കൊല്ലം കന്റോൺമെന്റ് ഗ്രൗണ്ടിൽ എൻഡിഎ മഹാസംഗമത്തിൽ അദ്ദഹം പ്രസംഗിക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡിൽനിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാത്രി 7.15നു സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ക്ഷേത്രദർശനം നടത്തി രാത്രി 8ന് ഡൽഹിയിലേക്കു മടങ്ങും.