social-media

കണ്ണൂർ : പെരളശേരിയിൽ എ.കെ.ജി സ്മാരകം നിർമ്മിക്കാൻ പത്ത് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ എതിർപ്പുമായി കോൺഗ്രസ് യുവ എം.എൽ.എ വി.ടി.ബൽറാം രംഗത്തെത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും പണം കണ്ടെത്താനാവാത്ത സമയത്താണ് സമാരകത്തിനായി ഇത്രയും പണം അനുവദിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. കേരളം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെയാണ് നേരിട്ടത്. 450 ഓളം മനുഷ്യജീവനുകൾ നമുക്ക് നഷ്ടപ്പെടുകയും 20000 ഓളം പേർക്ക് തല ചായ്ക്കാനൊരിടം ഇല്ലാതാവുകയും ചെയ്തു.

ഈ അവസരത്തിൽ പത്ത് കോടി മുടക്കി എ.കെ.ജി സ്മാരകം നിർമ്മിക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്യുന്ന എം.എൽ.എ ഈ തുകയുണ്ടെങ്കിൽ 4 ലക്ഷം രൂപ വീതം 250 പേർക്ക് വീടുവയ്ക്കാനാവും എന്നും കൂട്ടി ച്ചേർക്കുന്നു. എ കെ ഗോപാലന് സ്മാരകമായി പഠന ഗവേഷണ കേന്ദ്രമുണ്ടാക്കാൻ എ കെ ആന്റണി സർക്കാർ സൗജന്യമായി അനുവദിച്ച തിരുവനന്തപുരം നഗരത്തിലെ സ്ഥലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉണ്ടാക്കിയവർ അദ്ദേഹത്തോട് ചെയ്തതല്ലേ യഥാർത്ഥ അനാദരവെന്നും ആ സ്ഥലത്തെ കെട്ടിടം പിടിച്ചെടുത്ത് അത് സ്മാരകമാക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്നും വി.ടി.ബൽറാം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസറ്റിന്റെ പൂർണരൂപം

അന്ന് ബജറ്റിൽ ഈ പ്രഖ്യാപനം നടത്തുമ്പോൾ അതാരെ തോൽപ്പിക്കാനായിരുന്നു എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇന്ന് പൊതുഖജനാവിലെ പണം ഇതിനായി ചെലവഴിക്കുമ്പോൾ തോൽക്കുന്നത് ഈ കേരളം മുഴുവനുമാണ്. കാരണം ഇതിനിടയിലാണ് ഈ നാട് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടേണ്ടി വന്നത്. 450 ഓളം മനുഷ്യജീവനുകൾ നമുക്ക് നഷ്ടപ്പെട്ടത്. 20000 ഓളം പേർക്ക് തല ചായ്ക്കാനൊരിടം ഇല്ലാതായത്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങൾ വ്യാപാരികൾക്കും വീട്ടുകാർക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഉണ്ടായത്.

പ്രളയ ദുരന്തത്തിന്റെ പേര് പറഞ്ഞാണ് ഇത്തവണ ഓണാഘോഷം വെട്ടിക്കുറച്ചത്. സ്‌ക്കൂൾ കലോത്സവം നിറം കെട്ടതാക്കിയത്. ചലച്ചിത്രോത്സവം വഴിപാടാക്കിയത്. എല്ലാവിധ സാംസ്‌ക്കാരിക പ്രവർത്തനങ്ങൾക്ക് മേലും ചെലവ് ചുരുക്കലിന്റെ വാൾ ആഞ്ഞുവീശിയത്. സ്‌ക്കൂൾ കുട്ടികളുടെ നാണയക്കുടുക്ക മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വരെ പല തരത്തിൽ പിടിച്ചെടുത്തത്.

പ്രളയ ദുരിതത്തിൽപ്പെട്ട ഒരാൾക്ക് വീട് പുനർനിർമ്മിക്കാനായി 4 ലക്ഷം രൂപ വീതം നൽകുകയാണെങ്കിൽ 250 പേർക്ക് നൽകാവുന്ന തുകയാണ് 10 കോടി. ഒരാൾക്ക് 3 സെന്റ് വീതം നൽകുകയാണെങ്കിൽ നൂറിലേറെപ്പേർക്ക് നൽകാവുന്ന ഭൂമിയാണ് 3.21 ഏക്കർ.

മഹാത്മ അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്റെയും അബ്ദുറഹിമാൻ സാഹിബിന്റേയും അക്കാമ്മ ചെറിയാന്റേയും എടച്ചേന കുങ്കന്റേയും വിടി ഭട്ടതിരിപ്പാടിന്റേയുമൊക്കെ പേരിൽ ഇതിനും മുൻപുള്ള 2016ലെ ബജറ്റിൽ എല്ലാ ജില്ലകളിലും ഇതേ സർക്കാർ സാംസ്‌ക്കാരിക കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഒന്നുപോലും തുടങ്ങി വച്ചിട്ടുപോലുമില്ല. അവരൊന്നും സിപിഎം എംപിമാരായിരുന്നില്ല എന്നതാണോ കാരണം?

ഒരു വർഷം മുൻപ് ചോദിച്ച ചോദ്യം വീണ്ടുമാവർത്തിക്കുന്നു, എ കെ ഗോപാലന് സ്മാരകമായി പഠന ഗവേഷണ കേന്ദ്രമുണ്ടാക്കാൻ എ കെ ആന്റണി സർക്കാർ സൗജന്യമായി അനുവദിച്ച തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉണ്ടാക്കിയവർ അദ്ദേഹത്തോട് ചെയ്തതല്ലേ യഥാർത്ഥ അനാദരവ്? ആ സ്ഥലത്തെ കെട്ടിടം പിടിച്ചെടുത്ത് അത് സ്മാരകമാക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ല?