lenin-lal-mammootty

ഒരു പിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് കഴിഞ്ഞദിവസം അന്തരിച്ച ലെനിൻ രാജേന്ദ്രൻ. മുന്നിൽ കണ്ട സാമൂഹിക തിന്മകളെ കാമറയ്‌ക്ക് മുന്നിലെത്തിക്കാൻ ലെനിന് കഴിഞ്ഞിരുന്നു. മീനമാസത്തിലെ സൂര്യൻ, പുരാവൃത്തം, വചനം, അന്യർ ഇവയെല്ലാം കഥാമൂല്യം കൊണ്ടും സാമൂഹിക പ്രസക്തി കൊണ്ടും എന്നും മുന്നിൽ നിന്നു. എന്നാൽ ഒരിക്കൽ പോലും മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയോ മോഹൻലാലിനെയോ കേന്ദ്രകഥാപാത്രങ്ങളാക്കി ലെനിൻ ഒരു ചിത്രം സംവിധാനം ചെയ്‌തിട്ടില്ല. അതിനുള്ള കാരണം അദ്ദേഹം ഒരിക്കൽ കേരളകൗമുദിയോട് വ്യക്തമാക്കുകയുണ്ടായി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ എന്ന അഭിമുഖ പരിപാടിയിലാണ് ലെനിൻ രാജേന്ദ്രൻ മനസു തുറന്നത്.

ലെനിന്റെ വാക്കുകൾ-

'അവരുടെ തിരക്കാണ് കാരണം. അവർക്ക് ഭയങ്കര തിരക്കാണ്. എനിക്കാണെങ്കിൽ ഒരു തിരക്കുമില്ല. ഇടയ്‌ക്ക് യാത്രകൾക്കിടയിലൊക്കെ കഥകളെക്കുറിച്ച് സംസാരിക്കാറുണ്ട്. അവർ ചെയ്യാമെന്ന് പറയും. പക്ഷേ രണ്ടുവർഷം കഴിഞ്ഞൊക്കെയായിരിക്കും ഡേറ്റ് പറയുക. അപ്പോൾ അതെനിക്കങ്ങോട്ട് പൊരുത്തപ്പെടാൻ പറ്റില്ല. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന കാര്യം ഞാൻ ഇന്നേ മനസിൽ കൊണ്ടുനടക്കുക എന്നത് എന്റെ ജന്മം പാഴാക്കുന്നതിന് തുല്യമാണ്'.

ഇന്നലെ രാത്രിയോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹം കരൾമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ചില്ല്, പേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം, മഴ, അന്യർ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് സംവിധാനം ചെയ്‌ത ചിത്രങ്ങൾ.