ഒരു കാലത്ത് താഴ്ന്ന ജാതിക്കാരെ ജാതി പറഞ്ഞാണ് സർക്കാർ സർവീസിൽ നിന്നും മാറ്റി നിറുത്തിയിരുന്നത്. ഇതു കാരണം അത്തരം വിഭാഗങ്ങൾ സാമൂഹികമായും വിദ്യാഭ്യാസപരമായും കൂടുതൽ പിന്നിലായി. ഈ വിഭാഗങ്ങളെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായാണ് ഇന്ത്യൻ ഭരണഘടനയിൽ സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്. ജാതി പറഞ്ഞ് മാറ്റി നിറുത്തപ്പെട്ട പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾക്ക് ജാതിയുടെ അടിസ്ഥാനത്തിൽ തന്നെ നഷ്ടപ്പെട്ട പ്രാതിനിധ്യം തിരിച്ചു നൽകലാണ് സംവരണം വഴി ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്തിട്ടുള്ളത്.
സാമൂഹിക നീതി ലഭ്യമാക്കുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ വ്യത്യസ്ത പ്രദേശങ്ങളിലായി ഏർപ്പെടുത്തിയ സംവരണമാണ് കേരളത്തിലെ ഉദ്യോഗനിയമനങ്ങളിൽ ഇപ്പോഴും തുടർന്നു വരുന്നത് . ചില സംസ്ഥാനങ്ങളിൽ ഉയർന്ന ജാതി വിഭാഗങ്ങൾക്കായി സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമനിർമ്മാണം സുപ്രീംകോടതിയും ഹൈക്കോടതിയും റദ്ദുചെയ്ത അനവധി ഉദാഹരണങ്ങളുണ്ട്. ഈ കോടതി വിധികൾ കണക്കിലെടുക്കാതെയും, ശാസ്ത്രീയമായ പഠനമോ, ചർച്ചയോ, കൂടാതെയുമാണ് ഇപ്പോൾ ബി.ജെ.പി ഗവൺമെന്റ് മുന്നോക്കക്കാർക്കായി സർക്കാർ സർവീസിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ജനസംഖ്യയുടെ 20ശതമാനം മാത്രം വരുന്ന മുന്നോക്ക ജാതി വിഭാഗങ്ങൾ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ 80 ശതമാനത്തിലധികം സ്ഥാനങ്ങൾ കൈവശം വെച്ചിരിക്കുന്ന കൊടിയ അസന്തുലിതാവസ്ഥ നിലനിൽക്കുകയാണ്. ഇതിന്റെ ദുരന്തഫലം കൂടുതൽ വർദ്ധിപ്പിക്കാനേ ഈ നീക്കം ഉപകരിക്കൂ. മാത്രമല്ല ഇത് ഇന്ത്യൻ സാമൂഹിക ഘടനയിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നകാര്യത്തിലുംസംശയം ഇല്ല.
കേരളത്തിലെ ഉദ്യോഗ സംവരണത്തിന്റെ ചരിത്രപശ്ചാത്തലവും ഇന്നത്തെ സ്ഥിതിയും തുല്യനീതിയിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ദീർഘദർശികളായ നമ്മുടെ ഭരണഘടനാ ശില്പികൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു സംവരണം ഏർപ്പെടുത്തിയത്. ജാതിയുടെയോ, വർഗത്തിന്റെയോ അടിസ്ഥാനത്തിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള വിവേചനങ്ങളും ചരിത്രപരമായ അനീതികളും മൂലം അധികാരങ്ങളും സവിശേഷ അവകാശങ്ങളും വിവിധ ജനസമൂഹങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിൽ സംഭവിച്ചിട്ടുള്ള അസമത്വം പരിഹരിക്കുന്നതിനാണ് സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിൽ സംവരണവ്യവസ്ഥ ഒരു നയമായി രൂപം കൊണ്ടത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഉദ്യോഗസ്ഥരംഗത്ത് സാമുദായിക സന്തുലിതാവസ്ഥ നിലനിറുത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണപരിഷ്കാരം ബ്രാഹ്മണാധിപത്യത്തിൽ നിലനിന്ന നിന്ദ്യമായ ജാതിവ്യവസ്ഥയെ തകർക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയിലുടനീളം, പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ, ബ്രാഹ്മണ വിരുദ്ധപ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. രാജ്യഭരണത്തിൽ ജനസംഖ്യാനുപാതികമായ പങ്ക് പിടിച്ചുപറ്റുക എന്ന പൊതുലക്ഷ്യം ഇവർക്കെല്ലാം ഉണ്ടായിരുന്നു. ഈ പ്രസ്ഥാനങ്ങളുടെ സമയോചിതവും ദീർഘവീക്ഷണത്തോടെയുമുള്ള ഇടപെടലുകൾ മൂലം മൈസൂർ, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ യഥാക്രമം 1921,1936, 1937 കാലഘട്ടങ്ങളിൽ സംവരണം നടപ്പിലാക്കി. 1926-ൽ കൊച്ചി ലജിസ്ലേറ്രീവ് കൗൺസിലിൽ കെ.ടി. മാത്യു അവതരിപ്പിച്ച ഒരു പ്രമേയത്തിന്റെ അടിസഥാനത്തിൽ സംവരണം സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.
കൊച്ചി ദിവാനായിരുന്ന ഹെർബർട്ട് 1931-ലെ കാനേഷുമാരിയനുസരിച്ച് ജനസംഖ്യാനുപാതികമായി എല്ലാ ജാതിമതസ്ഥർക്കും സംവരണം ഏർപ്പെടുത്താനുള്ള ഒരു പദ്ധതി കൊച്ചി മഹാരാജാവിന് സമർപ്പിച്ചു. അന്ന് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന സഹേദരൻ അയ്യപ്പൻ അഞ്ചു വർഷത്തേക്ക് പൊലീസിലേക്ക് നായർ സമുദായക്കാരെയും ക്രിസ്തീയ സമുദായക്കാരെയും നിയമിക്കാൻ പാടില്ല എന്നൊരു പ്രമേയം 1931 മാർച്ച് 31-ന് അവതരിപ്പിച്ചു. 1936 ഫെബ്രുവരി 11-ന് വി.കെ. കൃഷ്ണൻ കൊച്ചി രാജ്യത്ത് പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിൻമേൽ നടന്ന ചർച്ചയിൽ സഹോദരൻ അയ്യപ്പൻ നിർദ്ദേശിച്ച ഭേദഗതിയായ ഉദ്യോ ഗസ്ഥ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ ബോർഡ് എന്ന ഭേദഗതി അംഗീകരിച്ച് 1937 ജൂൺ 27-ന് നടപ്പിലാക്കി.
(ലേഖകൻ കേരള കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ചെയർമാനാണ്
ഫോൺ: 9447663204)