കൊച്ചി: മുനമ്പം ഹാർബർ വഴി നാൽപതോളം പേർ ആസ്‌ട്രേലിയയിലേക്ക് കടന്ന സംഭവത്തിൽ ബോട്ടിനെ പിന്തുടർന്ന് പിടികൂടാൻ കോസ്റ്റൽ പൊലീസിന്റെയും നേവിയുടെയും നീക്കം. ഇതിനായി നാല് കപ്പലുകൾ തെരച്ചിൽ തുടങ്ങി. ബോട്ട് ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. പുറങ്കടലിൽ നങ്കൂരമിട്ടുള്ള നേവിയുടെ സുരക്ഷാ കപ്പലുകൾക്കും തെരച്ചിലിനായി നിർദ്ദേശം നൽകിയിട്ടുണ്ട്. ബോട്ട് രാജ്യാന്തര അതിർത്തി വിടും മുമ്പ് പിടികൂടാനാകുമെന്നാണ് നേവിയുടെ പ്രതീക്ഷ.
ബോട്ട് സഞ്ചരിക്കുന്ന ദിശയിൽ നിരവധി യാനങ്ങൾ മത്സ്യബന്ധനം നടത്തുന്നതിനാൽ, രഹസ്യ നിരീക്ഷണങ്ങൾക്ക് ഒടുവിലായിരിക്കും പിന്തുടരുക. തെരച്ചിലിന് കൂടുതൽ കപ്പലുകളെ നിയോഗിച്ചേക്കുമെന്നും നേവി പറഞ്ഞു. അതേസമയം, യാത്രയ്ക്കായി തയ്യാറെടുത്ത് വന്നവരിൽ ഒരു സംഘം ഇപ്പോഴും കേരളത്തിലുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യം കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിച്ച് വിരികയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും ഇവർക്കായി അന്വേഷണം നടത്തുന്നുണ്ട്.
മനുഷ്യക്കടത്ത് സംഘം മുനമ്പത്ത് നിന്നും വാങ്ങിയ ദയമാതാ എന്ന ബോട്ടിന് ലൈസൻസില്ല. തിരുവനന്തപരം സ്വദേശിയും മുനമ്പം സ്വദേശിയും പങ്കാളിത്തത്തോടെ മൂന്ന് വർഷം മുമ്പ് നിർമിച്ച ബോട്ട് അടുത്തിടെയാണ് മറിച്ച് വിറ്റത്. താരതമ്യേന വലിയ ബോട്ടാണ് ദയമാത. മൂന്ന് വർഷം മുമ്പ് നിരണഞ്ഞതാണെങ്കിലും ബോട്ടിന് ലൈസൻസ് ലഭിച്ചിരുന്നില്ല. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ബോട്ട് വിറ്റവർ ഒളിവിലാണെന്നാണ് സൂചന. ഇവർക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുമ്പേ ബോട്ടിൽ 10 ലക്ഷം രൂപയ്ക്ക് 12,500 ലിറ്റർ ഡീസൽ നിറച്ചിരുന്നു. പമ്പുടമയിൽ നിന്ന് ബാക്കി 50,000 രൂപ വാങ്ങിയിരുന്നില്ല. ഇത് സംബന്ധിച്ച് പൊലീസ് പമ്പുടമയെ ചോദ്യം ചെയ്തിരുന്നു. കാര്യമായ വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞു. ചെറായിയിലുള്ള ഹോം സ്റ്റേകളിലാണ് അഞ്ചു ദിവസത്തോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ശ്രീലങ്കൻ അഭയാർത്ഥികൾ താമസിച്ചിരുന്നത്. 12ന് പുലർച്ചെ രണ്ടോടെയാണ് ഇവർ റിസോർട്ട് വിട്ടത്. ഹോംസ്‌റ്റേകളിൽ നിന്ന് സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മാല്യങ്കരയിലും മുനമ്പത്തും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും നിറച്ച ബാഗുകൾ കണ്ടെത്തിയതാണ് മനുഷ്യക്കടത്തെന്ന സംശയം ഉയർത്തിയത്. ഒരു ബാഗിൽ വിമാനടിക്കറ്റും ഉണ്ടായിരുന്നു. ഇതിനിടെ, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ 52 ബാഗുകൾ കണ്ടെടുത്തു. മനുഷ്യക്കടത്ത് കണ്ടെത്തിയതിനെ തുടർന്ന് ഐ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.