വിജയ് സേതുപതിയെ നായകനാക്കി സീനു രാസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമനിതൻ'. ചിത്രത്തിൽ ഒരു ഓട്ടോഡ്രൈവറുടെ വേഷത്തലാണ് വിജയ് എത്തുന്നത്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാമനിതനുണ്ട്.
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. ഡിസംബറിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക. ഏഴാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നടുവിലെ കൊഞ്ചം പാക്കാതെ കാണോം, റമ്മി, പുരിയാത പുതിർ, ഒരു നല്ല നാളെ പാത്ത് സൊൽറേൻ, സീതാക്കാതി, എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന ത്യാഗരാജ കുമാരരാജയുടെ 'സൂപ്പർ ഡീലക്സിലും' ഗായത്രിയും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. കൂടാതെ നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്കാക നൊടികൾ എന്ന ചിത്രത്തിലെ ബാലതാരം 'മാനസ്വിയും' ചിത്രത്തിലുണ്ട്.
ആദ്യമായി ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതൻ.
തെൻമേർക് പരുവക്കാറ്റ്, ഇദം പൊരുൾ എവൾ, ധർമദുരൈ, എന്നീ ചിത്രങ്ങൾക്ക് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാമനിതൻ.
ഷൂട്ടിംഗ് വേളയിൽ വിജയ് സേതുപതി ആരാധകക്കൊപ്പം എടുത്ത നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകർക്കൊപ്പം ഇരുന്നും സംസാരിച്ചും ഒരു ജാഡയുമില്ലാത്ത താരത്തിനൊപ്പം ചിത്രമെടുക്കാൻ എല്ലാവർക്കും പ്രിയമാണ്. അതേസമയം വിജയ് സേതുപതി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രജനികാന്ത് ചിത്രം പേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്.