മലപ്പുറം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ കനക ദുർഗയ്ക്കെതിരെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയ്‌ക്ക് മുന്നിൽ നാമജപ പ്രതിഷേധം. ശബരിമല ദർശനത്തിന് ശേഷം കനകദുർഗ ഇന്ന് പുലർച്ചെയാണ് പെരുന്തൽമണ്ണയിലെ വീട്ടിലെത്തിയത്. വീട്ടിൽ തിരിച്ചെത്തിയ തന്നെ ഭർത്താവിന്റെ അമ്മയും ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചതായി കനകദുർഗ ആരോപിച്ചിരുന്നു. തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെവച്ചാണ് കനകദുർഗയ്ക്കെതിരെ വിശ്വാസികൾ നാമജപ പ്രതിഷേധം നടത്തുന്നത്.
അതേസമയം, സംഭവത്തിനിടയിൽ അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തി. കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് കനക ദുർഗ പറയുന്നത്.
യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ജനുവരി രണ്ടിനാണ് കനക ദുർഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. മഫ്‌തിയിലുള്ള പൊലീസിന്റെ അകമ്പടിയിൽ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇവർ മലകയറിയത്. പമ്പയിൽ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്‌ക്കുള്ള ആംബുലൻസിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്. നിലയ്‌ക്കലിൽ നിന്ന് മടങ്ങിയ വഴിയിലും ഇവർക്ക് സുരക്ഷ നൽകി. ശബരിമലയിലേക്കുള്ള യാത്രയിൽ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകൾ സന്നിധാനത്ത് നടത്തിയിരുന്നു.
തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞാണ് കനകദുർഗ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം നവംബർ 24ന് കനകദുർഗ ശബരിമല ദർശനത്തിന് ശ്രമിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇരുവർക്കും തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ജനുവരി 2ന് പുലർച്ചെ ശബരിമല ദർശനം നടത്തിയതോടെയാണ് ഇരുവരും വാർത്തകളിൽ നിറഞ്ഞത്. ഇതേത്തുടർന്ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടായി. ശബരിമല ദർശനം നടത്തിയതിൽ കനകദുർഗയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു.