kerala-police

ചെറുതോണി: അത്യാവശ്യഘട്ടത്തിൽ സഹായംതേടി 100ൽ വിളിച്ച യവാക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ഇടുക്കി പൊട്ടൻകാടുള്ള ഹോംസ്റ്റേയിൽ താമസിക്കാൻ എത്തിയ യുവാക്കളാണ് മുറി ലഭിക്കാതായതിനെ തുടർന്ന് രാത്രിയിൽ പൊലീസ് സഹായം തേടി 100 ലേയ്ക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് മൂന്നാർ സന്ദർശിക്കുന്നതിനാണ് ആറംഗം സംഘം ഇടുക്കിയിൽ എത്തിയത്. ഓയോവഴി റൂം ബുക്ക് ചെയ്ത് പൊട്ടൻകാടുള്ള ഹോം സ്റ്റേയിൽ എത്തിയ യുവാക്കളുടെ മുറി മറ്റൊരാൾക്ക് മറിച്ചുനൽകിയെന്ന് നടത്തിപ്പുകാരൻ അറിയിക്കുകയായിരുന്നു. തുടർന്ന് ഉടമസ്ഥനെ യുവാക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്ഥലം വിടാനാണ് മറുപടി ലഭിച്ചത്. പ്രദേശത്ത് ഒരിടത്തും മുറി ലഭിക്കാതായതോടെ അവസാന ആശ്രയമായാണ് നൂറിലേയ്ക്ക് വിളിച്ചത്. ഫോൺ എടുത്ത പൊലീസുകാരൻ കാര്യങ്ങൾ മനസിലാക്കിയ ശഷം മറ്റൊരുദ്യോഗസ്ഥന് ഫോൺ കൈമാറി.

ഫോൺ എടുത്തയുടനെ യുവാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അൽപം മുമ്പ് ഫോണിൽ സംസാരിച്ച ഹോംസ്റ്റേയുടെ ഉടമ തന്നെയായിരുന്നു ആ ഫോൺ കൈമാറിയ പൊലീസുകാരൻ. ഇനിയും അവിടെ നിന്നാൽ വണ്ടിയിൽ എടുത്തിട്ട് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

പിന്നീട് കുറെ അലഞ്ഞശേഷമാണ് ഇവർക്ക് അന്തിയുറങ്ങാൻ ഇടം ലഭിച്ചത്. ഹോം സ്റ്റേ ബുക്കുചെയ്ത 1800 രൂപയും ഇവർക്ക് നഷ്ടമായി. വിദേശികൾ എത്തിയപ്പോൾ ഇരട്ടി തുകയ്ക്ക് ഇവർ ബുക്കുചെയ്ത റൂമുകൾ മറിച്ചു വിൽക്കുകയായിരുന്നെന്നാണ് വിവരം. ഇത്തരം സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച് എറണാകുളത്ത് നിന്നെത്തിയ ആറംഗസംഘത്തിലൊരാളായ കെ. മനീഷ് ഗോപി ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിയ്ക്കും ഇ മെയിൽ വഴി പരാതി നൽകി. അത്യാവശ്യ സഹായത്തിന് ബന്ധപ്പെട്ടപ്പോൾ പൊലീസിൽ നിന്നുണ്ടായ ദുരനുഭവം തങ്ങളെ മാനസികമായി തകർത്തുവെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാണ് യുവാക്കൾ ആവശ്യപ്പെട്ടത്.