alappad

ആലപ്പുഴ: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സർക്കാരിനും ഖനനം നടത്തുന്ന ഐ.ആർ.ഇക്കും(ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്)ഹൈക്കോടതി നോട്ടീസയച്ചു. ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനം അനധികൃതമാണെന്ന് ഉന്നയിച്ച്‌ ആലപ്പാട് സ്വദേശി കെ.എം ഹുസൈൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് നൽകിയത്. കേസ് കോടതി ഒരാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കും. കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്റെ വിസ്‌തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹർജിയിൽ പറയുന്നു.

ഖനനം സംബന്ധിച്ച് പഠിച്ച കമ്മീഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാരിനോട് കോടതി ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു. ഖനനം നിർത്തിവയ്‌ക്കാൻ ഐ.ആർ.ഇയോട് നിർദേശിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തെക്കുറിച്ച്‌ കേന്ദ്രപരിസ്ഥിതിമന്ത്രാലയവും റിമോട്ട് സെൻസിംഗ് ഏജൻസിയും പഠനം നടത്തി റിപ്പോർട്ട് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.