നോക്കെത്താദൂരത്തോളം പടർന്നുകിടക്കുന്ന മഞ്ഞുപാളികൾ. എങ്ങും വെള്ളനിറം. ചുരുക്കിപ്പറഞ്ഞാൽ, കണ്ണിനിമ്പം തരുന്ന കാഴ്ചകളാണ് അന്റാർട്ടിക്കയിലേത്. പക്ഷേ, ഈ സുന്ദരമുഖത്തിന് പിന്നിൽ ഉറങ്ങുന്ന രാക്ഷസനുണ്ടെന്നാണ് പുതിയപഠനങ്ങൾ പറയുന്നത്. അതായത്, ഏതുസമയത്തും ഈ രാക്ഷസൻ ഉണർന്നെഴുന്നേൽക്കാമത്രെ!
മുൻപത്തേക്കാളും ഇരട്ടിയിലേറെ വേഗത്തിൽ അന്റാർട്ടിക്കയിലെ മഞ്ഞുരുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേച്ചർ ജേണലിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ലോകത്തിലെ മുഴുവൻ സമുദ്രങ്ങളിലെയും ജലനിരപ്പ് ഏകദേശം 200 അടി വരെ ഉയർത്താനുള്ളത്ര മഞ്ഞുമലകൾ അന്റാർട്ടിക്കയിലുണ്ടെന്നാണു വിലയിരുത്തുന്നത്. ജലനിരപ്പ് ഏതാനും ഇഞ്ച് ഉയർന്നാൽത്തന്നെ സമുദ്രതീരത്തെ നഗരങ്ങൾ മുങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. അപ്പോൾപ്പിന്നെ ലോകരാജ്യങ്ങളെ തകിടം മറിക്കാനുള്ള മഞ്ഞുമായി ശാന്തമായിരിക്കുന്ന ഭൂഖണ്ഡത്തെ ഉറങ്ങുന്ന രാക്ഷസൻ എന്നു വിളിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!
അടുത്ത കാലത്താണ് അന്റാർട്ടിക്കയിലെ മഞ്ഞ് വൻതോതിൽ ഉരുകിത്തുടങ്ങിയത്. പുതിയ കണക്കുകൾ പ്രകാരം 1992നും 2017നും ഇടയ്ക്ക് 3.3 ലക്ഷം കോടി ടൺ മഞ്ഞ് അന്റാർട്ടിക്കയിൽ നിന്ന് ഉരുകി നഷ്ടപ്പെട്ടിട്ടുണ്ട്. അതുവഴി രാജ്യാന്തര തലത്തിൽ ശരാശരി എട്ടു മില്ലിമീറ്ററാണു സമുദ്രനിരപ്പ് ഉയർന്നിരിക്കുന്നത്. മഞ്ഞ് ഉരുകിയില്ലാതായതിന്റെ തോത് ഏറ്റവും കൂടിയത് 2012നും 2017നും ഇടയ്ക്കാണ്. നഷ്ടപ്പെട്ട ആകെ മഞ്ഞിൽ 40 ശതമാനവും ഇക്കാലയളവിലായിരുന്നു.