മെക്സിക്കോ സിറ്റി: ലോകത്തിന്റെ പലഭാഗത്തുനിന്നും ഓരോ ദിവസവും പുതിയ ജന്തുജാലങ്ങളെ കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരത്തിൽ നൂറിൽപരം ജന്തുജാലങ്ങളെയാണ് ഓരോവർഷവും കണ്ടെത്തുന്നത്. പക്ഷെ തെക്കൻ മെക്സിക്കോയിൽ നിന്ന് കണ്ടെത്തിയ ഒരു പാമ്പാണ് ഗവേഷകരിൽ കൗതുകം ജനിപ്പിക്കുന്നത്. മറ്റൊരു പാമ്പിന്റെ വയറിനുളളിൽ നിന്നാണ് ഈ പുതിയ പാമ്പിനെ ഗവേഷകർ കണ്ടെത്തിയത്. അതും നാല്പതു വർഷം മുമ്പ് ഗവേഷകർ പിടികൂടിയ പാമ്പിന്റെ വയറ്റിൽ നിന്ന്.
1970 കളിലാണ് മെക്സിക്കോയിലെ കടൽപാമ്പുകളിൽ ഏറ്റവും വിഷമേറിയ ഇനമായ സെൻട്രൽ അമേരിക്കൻ കോറൽ സ്നേക്കിൽ ഒന്നിനെ ഗവേഷകർക്കു ലഭിച്ചത്. പാമ്പിനെ വിശദമായി പരിശോധിക്കുന്നതിനിടെ വയറു കീറിയ ഗവേഷകർ അതിന്റെ ഉള്ളിൽ മറ്റൊരു പാമ്പിന്റെ ദഹിച്ച് തുടങ്ങിയ ശരീരം കണ്ടെത്തുകയായിരുന്നു. പത്ത് ഇഞ്ച് മാത്രം വലിപ്പമുള്ള ഈ പാമ്പിനെ ലാബിൽ സംരക്ഷിച്ചിരിക്കുകയായിരുന്നു ഇതുവരെ.
പരിശോധനയ്ക്കായി പുറത്തെടുത്തത് നാല്പത് വർഷങ്ങൾക്കുശേഷമാണ്. സെനാസ്പിസ് എനിഗ്മയെന്നാണ് ഈ കുട്ടിപ്പാമ്പിന് ഗവേഷകർ നൽകിയ പേര്. വിചിത്രമെന്താണെന്ന് വച്ചാൽ, ഈ 40 വർഷത്തിനിടയ്ക്ക് ഇത്തരത്തിലുള്ള മറ്റൊരു പാമ്പിനെയും ലോകത്തെവിടെനിന്നും കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, കണ്ടെത്താൻ കഴിയാത്തത് ഇവ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായതുകൊണ്ടല്ല, മറിച്ച് തീരെ ചെറിയ പാമ്പുകളായതിനാൽ ഇവയ്ക്ക് പുറം ലോകത്തിന്റെ കണ്ണിൽപെടാതെ വേഗം ഒളിക്കാൻ കഴിയുന്നതുകൊണ്ടെന്നാണ് ഒരു സംഘം ഗവേഷകർ പറയുന്നത്.