അഡ്‌ലെയ്ഡ്: ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 100 റൺസ് പിന്നിട്ടു. 299 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്‌ക്ക് ഓപ്പണർമാരായ ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43) എന്നിവരെ നഷ്ടമായി. 52 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്‌സും സഹിതം 43 റൺസുമായാണ് രോഹിത് പുറത്തായത്. കൊഹ്‍ലി 24 റൺസോടെയും അമ്പാട്ടി റായുഡു നാല് റൺസോടെയും ക്രീസിലുണ്ട്. 20 ഓവർ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയ്‌ക്ക് വിജയത്തിലേക്കെത്താൻ 196 റൺസ് കൂടി വേണം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുക്കുകയായിരുന്നു. തുടക്കത്തിലെ പാളിച്ചകൾക്ക് ശേഷം ഷോൺ മാർഷിന്റെ സെഞ്ച്വറി പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 109 പന്തിൽ 10 ബൗണ്ടറികളുടെ പിന്തുണയോടെ ഏഴാം സെഞ്ച്വറി തികച്ച മാർഷ് 123 പന്തിൽ 11 ഫോറും 3 സിക്‌സറുമടിച്ച് 131 റൺസെടുത്ത് പുറത്തായി. തകർത്താടിയ മാക്‌സ്‌വെൽ 37 പന്തിൽ നിന്ന് 48 റൺസെടുത്തു.