അഹമ്മദാബാദ്: മോഷണം തടയാൻ ശ്രമിച്ച വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം പാദസരം മോഷ്ടിക്കാൻ കാലുകൾ വെട്ടിമാറ്റി. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ കണലാവായിലാണ് കൊടുംക്രൂരത നടന്നത്. എൺപതുകാരി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു മോഷ്ടാക്കൾ എത്തിയത്. മറ്റാരുമില്ലെന്ന് വ്യക്തമായതോടെ പ്രധാന വാതിൽ വഴി മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നു. കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളെ സ്ത്രീ കാണുന്നത്.
ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. ഇതോടെ കലികയറിയ മോഷ്ടാക്കൾ വൃദ്ധയെ പിടികൂടി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം വെള്ളി പാദസരം മോഷ്ടിക്കാനായി ഇരുകാലുകളും വെട്ടിമാറ്റുകയും ചെയ്യു. തുടർന്ന് മോഷ്ടാക്കൾ സ്ഥലംവിട്ടു. പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടില്ല. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.