ബംഗളൂരു: പ്രതീക്ഷിച്ചതു പോലെ തന്നെ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് കന്നഡ രാഷ്‌ട്രീയം. രണ്ട് സ്വതന്ത്ര എം.എൽ.എമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എച്ച്. നാഗേഷ്, ആർ. ശങ്കർ എന്നിവരാണ് പിന്തുണ പിൻവലിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് പ്രതികരിച്ചുകൊണ്ടാണ് ഇരുവരും മറുകണ്ടം ചാടിയിരിക്കുന്നത്.
മൂന്ന് എം.എൽ.എമാരെ മറുകണ്ടം ചാടിച്ച് സഖ്യസർക്കാരിന് ബി.ജെ.പി സാധ്യത തേടുകയാണെന്ന ഊഹാപോഹങ്ങൾ നിലനിൽക്കെ തന്നെയാണ് പുതിയ സംഭവ വികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് വേണ്ത്ര അംഗബലമുണ്ടെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പ്രതികരിച്ചു. ബ.ജെ.പി വൃത്തികെട്ട രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും വേണുഗോപാൽ പ്രതികരിച്ചു.
മുംബയിലേക്കു പോയ തങ്ങളുടെ മൂന്ന് എം.എൽ.എമാരെ തിരികെയെത്തിക്കാൻ മന്ത്രി ഡി.കെ.ശിവകുമാറിനെ മുംബയിലേക്കു നിയോഗിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. അതേസമയം, ബിജെപിയല്ല, കോൺഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എം.എൽ.എമാരെ സുരക്ഷിതമായി ഡൽഹിയിൽ പാർപ്പിക്കുമെന്നും ഇവർക്കൊപ്പമുള്ള പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.