crime

കുട്ടനാട്: ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ മുന്നിൽവച്ച് ആട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ ആട്ടോയിൽ കയറിപ്പോയ യുവതി തിരിച്ചെത്താൻ രാത്രിയായതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയപ്പോഴാണ് യുവതിയുടെ സഹോദരനും സുഹൃത്തും ചേർന്ന് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയത്. തലവടി കളങ്ങര അമ്പ്രയിൽ പുത്തൻപറമ്പിൽ അനിലാണ് (40) കൊല്ലപ്പെട്ടത്. തലവടി സ്വദേശി കെവിൻ (19), സുഹൃത്ത് അമൽ (അപ്പു22) എന്നിവരാണ് പിടിയിലായത്. എടത്വാ എസ്.ഐ ക്രിസ്റ്റിൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘം ഒളിവുകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ അമ്മായിക്കൊപ്പം 20 വയസുള്ള യുവതി ഞായറാഴ്ച രാവിലെ എട്ടരയോടെ അനിലിന്റെ ആട്ടോറിക്ഷയിൽ കയറി. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെയുള്ള ദൂരം മാത്രമേ ആശുപത്രിയിലേക്കുള്ളൂ. അമ്മായിയെ ആശുപത്രിയിൽ നിറുത്തിയ ശേഷം ആട്ടോറിക്ഷയിൽ മടങ്ങിയ യുവതി രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. ഇതോടെയാണ് കെവിനും അമലും അനിലിനെ തിരക്കിയെത്തിയത്. യുവതിയെ തിരികെ അമ്പ്രയിൽ പാലത്തിൽ ഇറക്കിയെന്ന് അനിൽ പറഞ്ഞെങ്കിലും ഇരുവരും വിശ്വസിച്ചില്ല. ഇതിനിടെ വാക്കേറ്റവും സംഘർഷവുമായി.

ഈ സമയം അമൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് കെവിനും അനിലിനെ കുത്തി പരിക്കേൽപ്പിച്ചു. അനിലിന്റെ നിലവിളി കേട്ട് വീട്ടിൽ നിന്നിറങ്ങിവന്ന ഭാര്യ സന്ധ്യ തടസം പിടിക്കാൻ ശ്രമിച്ചു. ഇതിനിടെ സന്ധ്യയ്ക്കും സാരമായി പരിക്കേറ്റു. അനിലിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. തലയ്ക്കും നെഞ്ചിനും വയറിനും കൈയ്കും ഉൾപ്പെടെ 12 ഓളം കുത്തും വെട്ടും ഏറ്റിരുന്നു.

ഒളിവിൽപ്പോയ കെവിനെ ചെങ്ങന്നൂരിലും അമലിനെ കുന്തിരിക്കൽ സ്‌കൂളിന് സമീപത്ത് നിന്നും ഇന്നലെ വൈകിട്ടോടെയാണ് പിടികൂടിയത്. ആലപ്പുഴയിൽ നിന്ന് ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും