malligarjun-kharge

ന്യൂഡൽഹി: മുൻ സി.ബി.ഐ ഡയറക്ടർ അലോക്‌ വർമയ്ക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച കേന്ദ്ര വിജിലൻസ്​ കമീഷണർ സമർപ്പിച്ച റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. അലോക് വർമ്മക്കെതിരായ സി.വി.സി. റിപ്പോർട്ടും, യോഗത്തിലെ മിനുട്‌സും തയ്യാറാക്കി പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രേഖകൾ പുറത്തുവിട്ടാലേ അലോക്​ വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന്​ മാറ്റിയ സംഭവ​ത്തിൽ ജനങ്ങൾക്ക്​ സ്വയം നിഗമനത്തിലെത്താൻ കഴിയൂവെന്നും ഖാർഗെ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

അലോക് വർമ്മയെ പുറത്താക്കാൻ തീരുമാനിച്ച ഉന്നതാധികാര സമിതിയിൽ മല്ലികാർജുൻ ഖാർഗെയും അംഗമായിരുന്നു. എന്നാൽ, അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കംചെയ്യാനുള്ള തീരുമാനത്തെ ഖാർഗെ ശക്തമായി എതിർത്തിരുന്നു. സമിതിയിലെ മറ്റ് അംഗങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിസ് എ.കെ. സിക്രിയും അലോക് വർമ്മയെ പുറത്താക്കണമെന്ന് തീരുമാനമെടുത്തപ്പോൾ ഖാർഗെ മാത്രമായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയത്. പട്‌നായിക് തയ്യാറാക്കിയ സി.വി.സി. റിപ്പോർട്ടിൽ അലോക് വർമ്മയ്ക്കെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നായിരുന്നു ഖാർഗെയുടെ അവകാശവാദം.