sivadasan

മലപ്പുറം : കരുവാരക്കുണ്ടിലാണ് ഭാഗ്യം കരുണ കാട്ടിയത്. കേരള കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് വെള്ളയൂർ കാവുങ്ങൽ വടക്കേതിൽ ശിവദാസനെ തേടി എത്തിയത്. എന്നാൽ ഫലപ്രഖ്യാപനത്തിന് ശേഷം ഫലം ഒത്തുനോക്കിയ ശിവദാസൻ സമ്മാനമൊന്നും ലഭിച്ചില്ലെന്ന് കരുതി ആദ്യം ലോട്ടറി വിൽക്കുന്ന കടയ്ക്കരികെ ചുരുട്ടി എറിയുകയായിരുന്നു. പിന്നാലെ ഈ പ്രദേശത്താണ് കാരുണ്യയുടെ ഒന്നാം സമ്മാനമെന്ന് അറിഞ്ഞ് തിരികെ എത്തി ടിക്കറ്റ് വീണ്ടെടുക്കുകയായിരുന്നു. ഫാക്ടറിയിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയാണ് ശിവദാസൻ.

ആദ്യം ഫലമൊത്ത് നോക്കിയപ്പോൾ അയ്യായിരം രൂപയ്ക്ക് താഴെ സമ്മാനം ലഭിച്ച നമ്പരുകൾ മാത്രമാണ് നോക്കിയത്, അത് ലഭിക്കാത്ത നിരാശയിലാണ് ടിക്കറ്റ് ഉപേക്ഷിച്ചത്. പക്ഷേ കാരുണ്യ വീണ്ടും കരുണയുമായി ശിവദാസനെ കാക്കുകയായിരുന്നു.