ന്യൂഡൽഹി: പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് ലഭിച്ചതിനെ പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ദി വയർ പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് പരിഹാസവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ എത്തിയത്.
'ലോകപ്രശസ്തമായ കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് നേടിയ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ. ജൂറിയില്ലാത്തിനാൽ അത് പ്രശസ്‌തമാണ്, നേരത്തേ ആർക്കും ലഭിച്ചിട്ടില്ലാത്തതുമാണ്. പ്രശസ്‌തമായ ഈ പുരസ്‌കാരത്തിന് പിന്നിൽ അലിഗഡിലെ അറിയപ്പെടാത്ത കമ്പനിയാണ്. ഇവന്റ് പാർട്ണർ പതഞ്ജലിയും റിപ്പബ്ലിക് ടിവിയും'- രാഹുൽ ട്വീറ്ററിൽ കുറിച്ചു.
എന്നാൽ ഇതിന് മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി. സ്വന്തം കുടുംബത്തിലുള്ളവർക്ക് ഭാരതരത്നം കൊടുക്കാൻ തീരുമാനിച്ച കുടുംബത്തിൽ നിന്നുവന്നയാളുടെതാണ് ഈ കമന്റ് എന്നായിരുന്നു കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ തിരിച്ചുള്ള പരിഹാസം.
കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാജ്യത്തിന് നൽകിവരുന്ന വിശിഷ്ടമായ നേതൃത്വത്തിന്റെ പേരിലാണ് പുരസ്‌കാരം നൽകുന്നതെന്ന് പുരസ്‌കാരം ഏർപ്പെടുത്തിയ വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റ് (ഡബ്ല്യു.എം.എസ്) ഗ്രൂപ്പ് വ്യക്തമാക്കി. എന്നാൽ പരിപാടിയുടെയോ, അത് നടപ്പിലാക്കിയ ഡബ്ല്യു.എം.എസിന്റേയോ വെബ്‌സൈറ്റിലോ മറ്റെവിടെയെങ്കിലുമോ ഇതേക്കുറിച്ച് ഇതുവരെ ഒന്നും രേഖപ്പെടുത്തിയില്ലെന്നാണ് 'ദ വയർ' റിപ്പോർട്ട് ചെയ്‌തത്.