modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ അദ്ദേഹം അൽപ്പ സമയത്തിനകം ബൈപ്പാസ് ഉദ്‌ഘാടനത്തിനായി കൊല്ലത്തേക്ക് തിരിക്കും. വിമാനത്താവളത്തിൽ ഗവർണർ. ജസ്‌റ്റിസ്.പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ജെ.ആർ പദ്‌മകുമാർ, അഡ്വ. എസ്.സുരേഷ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്നത്. ദേശീയപാത 66 ൽ മേവറം മുതൽ കാവനാട് വരെ 13.14 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം എറണാകുളം യാത്രക്കാർക്ക് വൻ ആശ്വാസമാകുന്നതിന് പുറമെ കൊല്ലത്തിന്റെ ഭാവിവികസനത്തിനും നാന്ദികുറിക്കും. നാട്ടുകാർക്ക് തത്സമയം ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് കാവനാട് ആൽത്തറമൂട്ടിൽ പ്രത്യേകം എൽ.ഇ.ഡി സ്‌ക്രീൻ തയ്യാറാക്കിയിട്ടുണ്ട്.

ബൈപാസ് ഉദ്‌ഘാടനത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രി പദ്‌മാനഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. സ്വദേശി ദർശൻ പദ്ധതി പ്രകാരമുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിർവഹിക്കും. 20 മിനിട്ടാകും മോദി ക്ഷേത്രത്തിൽ ചിലവഴിക്കുക.